അരിക്കുളത്തെ പൊതുഇടം സംരക്ഷിക്കണമെന്ന ഗ്രാമസഭാ പ്രമേയം നടപ്പിലാക്കണം -ബി.ജെ.പി


അരിക്കുളം: പൊതു ഇടം ഇല്ലാതാക്കി കൊണ്ട് മാലിന്യ സംസ്കരണ കേന്ദ്രം നിർമ്മിക്കുന്നതിനെതിരെ ഗ്രാമസഭാ പ്രമേയം തീരുമാനമാക്കി നപ്പിലാക്കാൻ അരിക്കുളം ഗ്രാമപഞ്ചായത്ത് തയ്യാറാവണമെന്ന് ബി.ജെ.പി പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് വി.സി.ബിനീഷ്. ബി.ജെ.പി അരികുളത്തു സംഘടിപ്പിച്ച നിൽപ്പ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമസഭയിൽ ജനങ്ങൾ ഒറ്റക്കെട്ടായി വിയോജിപ്പ് രേഖപ്പെടുത്തുകയും സംഭരണകേന്ദ്ര നിർമ്മാണം ജനവാസ കേന്ദ്രത്തിൽ നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന ഗ്രാമസഭ തീരുമാനത്തെ അംഗീകരിക്കാതെ പഞ്ചായത്ത് ജനങ്ങളെ വെല്ലുവിളിക്കുന്നത് ജനാധിപത്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി അരിക്കുളം മേഖലാ കമ്മിറ്റി നടത്തിയ നിൽപ്പ് സമരത്തിൽ പ്രസാദ് ഇടപ്പള്ളി അധ്യക്ഷതവഹിച്ചു. നാരായണൻ മത്തിൽ, ദീപു എന്നിവർ സംസാരിച്ചു. മനോജ് പുതുക്കുടിക്കണ്ടി, രാജീവൻ പുതുക്കുടിക്കണ്ടി, സുനിൽകുമാർ, രാജൻ മേലമ്പത്ത് എന്നിവർ നേതൃത്വം നൽകി.