ആരോഗ്യമേഖലയില്‍ വികസനകുതിപ്പ്; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് ചെലവഴിച്ചത് 50 കോടി രൂപ


കൊയിലാണ്ടി: താലൂക്ക് ആശുപത്രി വികസനത്തിനായി ചെലവഴിച്ചത് 50 കോടിയിലധികം രൂപ. 20 കോടി രൂപ ചെലവില്‍ പണി പൂര്‍ത്തിയാക്കിയ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയുടെ പുതിയ 5 നില കെട്ടിടം 2018 നവംബര്‍ 6ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. പിന്നീട് ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജീവനക്കാരുടെ പുതിയ 4 തസ്തികകള്‍ അനുവദിച്ചു.1.50 കോടി ചെലവഴിച്ച് പുതിയ കാരുണ്യ ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു.ആശുപത്രിയില്‍ 5 കോടി രൂപ ചെലവില്‍ പുതിയ ട്രോമാകെയര്‍ സൗകര്യം അനുവദിച്ചു. കാഷ്വാലിറ്റി, 3 കോടി രൂപ ചെലവില്‍ സി.ടി. സ്‌കാന്‍, കാരുണ്യ കമ്യൂണിറ്റി ഫാര്‍മസി, 31 ലക്ഷം രൂപ ചെലവില്‍ പുതിയ ആംബുലന്‍സ്. മൂന്നു കോടി 60 ലക്ഷം രൂപയുടെ പുതിയ മാതൃശിശു കേന്ദ്രം തുടങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍.

എമെര്‍ജെന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് നവീകരണം 70 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തിയായി.
ഇ.ഹെല്‍ത്ത് പദ്ധതിക്കായി എം.എല്‍.എ ഫണ്ടില്‍ നിന്നും 65 ലക്ഷം. 45 ലക്ഷം രൂപ ചെലവില്‍ പുതിയ കവാടവും ചുറ്റുമതിലും നിര്‍മ്മിച്ചു. കോവിഡ് പ്രതിരോധത്തിനും, പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ 38 ലക്ഷം രൂപ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബ്, ഇ.സി.ജി, ടെലി മെഡിസിന്‍ സംവിധാനം, മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറി തുടങ്ങി ചെറുതും വലുതുമായി നിരവധി പ്രവൃത്തികള്‍ക്കായി ചെലവഴിച്ചത് 50 കോടിയിലധികം രൂപ.