ഉപതെരഞ്ഞെടുപ്പ് വേണ്ട; വടകരയിൽ മുരളീധരൻ എം.പിയായി തുടരും


കൊയിലാണ്ടി: കേരളത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ തന്നെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ മണ്ഡലമായിരുന്നു നേമം. 2016ലെ തെരഞ്ഞെടുപ്പിൽ ഒ.രാജഗോപാലിലൂടെ ബി.ജെ.പി നിയമസഭയിൽ അക്കൗണ്ട് തുറന്നപ്പോൾ യു.ഡി.എഫിലെ വോട്ടു ചോർച്ചയും മൂന്നാം സ്ഥാനവും ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയിൽ യു.ഡി.എഫിന് നേമം കീറാമുട്ടിയും അഭിമാന പ്രശ്നവുമായിരുന്നു.

രാഷ്ട്രീയ മാനക്കേട് ഒഴിവാക്കാനായി നേമത്ത് ശക്തനായ നേതാവിനെ തന്നെ രംഗത്തിറക്കാൻ ഹൈക്കമാൻഡ് നിർദ്ദേശമുണ്ടായിരുന്നു. ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ തുടങ്ങിയവരുടെ പേരുകൾ തുടക്കത്തിൽ പറഞ്ഞു കേട്ടെങ്കിലും നേമം പിടിക്കാനുള്ള ” ശക്തനായ് ” തീരുമാനിക്കപ്പെട്ടത് കെ.മുരളീധരനെയാണ്. നിലവിൽ വടകര എം.പി.യായ കെ.മുരളീധരൻ ഏറെ പ്രതീക്ഷയോടെ എം.എൽ.എ ആവാൻ നേമത്തേക്ക് തിരിച്ചപ്പോൾ വടകര പാർലമെന്റ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് സാധ്യത പറഞ്ഞിരുന്നു.

ത്രികോണമത്സരം നടന്ന നേമത്ത് ഇത്തവണയും യു.ഡി.എഫ് മൂന്നാം സ്ഥാനന്നായി. എൽ.ഡി.എഫ് 3,949 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നേമം പിടിച്ചെടുത്തു. എൽ.ഡി.എഫിന്റെ വി.ശിവൻകുട്ടി 55,837 വോട്ട് നേടിയപ്പോൾ ബി.ജെ.പി യുടെ കുമ്മനം രാജശേഖരൻ 51,888 വോട്ട് നേടി രണ്ടാം സ്ഥാനത്തായി.

36,524 വോട്ടാണ് മൂന്നാം സ്ഥാനത്തുള്ള യു.ഡി.എഫിന്റെ കെ.മുരളീധരൻ നേടിയത്. നേതൃനിരയിലെ പലരും മടിച്ചു നിന്നതും തുടർന്ന് എം.പി യെ കൊണ്ടുവന്നിട്ടും നില മെച്ചപ്പെടുത്താൻ കഴിയാതെ വന്ന സാഹചര്യത്തിൽ നേമത്തെ ചൂട് കോൺഗ്രസ്സിനകത്ത് വരും ദിവസങ്ങളിലും ഉയരുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ അഭിപ്രായ പ്പെടുന്നത്. അതോടൊപ്പം വടകരയിലെ വോട്ടർമ്മാർക്ക് ഒരു ഉപതിരഞ്ഞെടുപ്പ് ഒഴിവായതിന്റെ ആശ്വാസവും.