എല്ലാ പ്രാർത്ഥനകളും വിഫലമായി, ഒരിക്കലും തിരിച്ചുവരാൻ കഴിയാത്ത ദൂരത്തേക്ക് ഷിയാസ് പോയെന്ന് വിശ്വസിക്കാൻ കുന്നത്തു കരയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല, നാടിന്റെ പൊന്നു മകന് കണ്ണീരോടെ വിട നൽകി പ്രിയപ്പെട്ടവർ


പയ്യോളി: ഷിയാസിനെ പുഴയിൽ കാണാതായി എന്നറിഞ്ഞത് മുതൽ നാട്ടുകാർ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. കുന്നത്തു കരയിലെ പ്രിയപ്പെട്ട മകൻ തിരിച്ചുവരുമെന്ന ശുഭപ്രതീക്ഷയിൽ. പക്ഷെ തുറശ്ശേരിക്കടവ് പാലത്തിന് സമീപത്ത് ഷിയാസിന്റെ മൃതദേഹം കണ്ടെത്തിയപ്പോൾ ഒരു നാടു മുഴുവൻ തേങ്ങി.

പുഴയില്‍ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടാണ് കുന്നത്തുകര എണ്ണക്കണ്ടി സിറാജിന്റെ മകന്‍ ഷിയാസ് മുങ്ങി മരിച്ചത്. ഒന്നര ദിവസത്തോളം നീണ്ട തിരച്ചിലിനോടുവില്‍ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മൃതദേഹം ലഭിക്കുന്നത്. കുളിക്കാനിറങ്ങിയ സ്ഥലത്തിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഇരുപത്തി രണ്ട് വയസ്സുള്ള ഷിയാസ് ഫുട്ബോൾ കളി കഴിഞ്ഞ് കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് ഒഴുക്കിൽപ്പെട്ടത്. തുറശ്ശേരികടവ് പാലത്തിന് കിഴക്ക് ഭാഗത്തെ മൂഴിക്കൽ ചീർപ്പിനോട് ചേർന്നുള്ള ഭാഗത്ത് ഒഴുക്കിൽപ്പെടുകയായിരുന്നു. ഒപ്പം ഇറങ്ങിയ കൂട്ടുകാരിൽ 2 പേർ രക്ഷപ്പെട്ടു. ഞായറാഴ്ച വൈകീട്ട് 6.45 ഓടെയാണ് അപകടം ഉണ്ടായത്. വേലിയിറക്കമായിരുന്നതിനാല്‍ ഒഴുക്ക് ശക്തമായിരുന്നു. കാണാതായത് മുതല്‍ നാട്ടുകാരും ഫയര്‍ ഫോഴ്സും പോലീസും സന്നദ്ധ സംഘടനകളും തിരച്ചില്‍ നടത്തിയിരുന്നു.

ഇന്ന് രാവിലെ എട്ട് മണിയോടെ പുഴയുടെ പല ഭാഗങ്ങളിലായി തിരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്താനായത്. ചെരണ്ടത്തൂര്‍ എം എച്ച് ഇ എസ് കോളേജില്‍ അവസാന വര്‍ഷ ബി കോം വിദ്യാര്‍ഥിയാണ് ഷിയാസ്. മാതാവ്: ഷഹീദ സഹോദരങ്ങള്‍: നാദിര്‍, നദീര്‍, ഷഹബാസ്.