എഴുതിയ പരീക്ഷയ്ക്ക് മേപ്പയൂര്‍ സ്വദേശി മുഹമ്മദ് യാസിന്‍ ആബ്‌സെന്റ്; അധ്യാപകരുടെ അശ്രദ്ധയില്‍ തുടര്‍പഠനം വഴിമുട്ടുമോ? ഇല്ലെന്ന് പിടിഎ പ്രസിഡന്റിന്റെ ഉറപ്പ്‌


മേപ്പയൂര്‍: എസ് എസ് എല്‍ സി പരീക്ഷ ഫലത്തില്‍ എഴുതി വിഷയത്തിന് ഹാജര്‍ ഇല്ലെന്ന് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് തുടര്‍ പഠനം പ്രതിസന്ധിയിലായ മേപ്പയൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി വാല്യക്കോട് കരിങ്ങാറ്റിക്കല്‍ മീത്തല്‍ മുഹമ്മദ് യാസിന് തുടര്‍പഠനം വഴിമുട്ടില്ലെന്ന് സ്‌കൂള്‍ പിടിഎ പ്രസിഡന്റ് കെ.രാജീവന്‍ പറഞ്ഞു. ഇതു സംബന്ധിച്ച് പരീക്ഷാ ഭവനമായി സ്‌കൂള്‍ അധികൃതര്‍ നിരന്തരംബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. എത്രയും പെട്ടെന്ന് തന്നെ മാര്‍ക്ക് രേഖപ്പെടുത്തി ഫലം തിരുത്തി പ്രഖ്യാപിക്കുമെന്ന് പരീക്ഷാഭവന്‍ അറിയിച്ചതായി പി ടി എ പ്രസിഡന്റ് വ്യക്തമാക്കി.

മാര്‍ച്ച് 21 ന് നടന്ന ഇംഗ്ലീഷ് പരീക്ഷയുടെ ഫലത്തിലാണ് മുഹമ്മദ് യാസിന് ഹാജര്‍ ഇല്ലെന്ന് രേഖപ്പെടുത്തിയത്. ഇംഗ്ലിഷ് പരീക്ഷയുടെ ദിവസം അധ്യാപകരുടെ അശ്രദ്ധ മൂലം ഏറെ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയ്ക്ക് യാസിന്‍ എത്തിയിട്ടില്ലെന്ന് അധ്യാപകര്‍ 2 മണിയോടെ രക്ഷിതാവിനെ അറിയിച്ചു. രക്ഷിതാവ് സ്‌കൂളിലെത്തി പരീക്ഷ എഴുതുന്ന ക്ലാസും റജിസ്റ്റര്‍ നമ്പറും കുട്ടിയുടെ ഫോട്ടോയും കാണിച്ചു. എന്നിട്ടും അധ്യാപകര്‍ കുട്ടി എത്തിയിട്ടില്ല എന്ന മറുപടിയാണ് നല്‍കിയത്.

പൊതുപരീക്ഷ ആയതിനാല്‍ മറ്റൊരു സ്‌കൂളിലെ അധ്യാപകരാണ് പരീക്ഷാ ജോലിക്ക് നിയോഗിക്കപ്പെട്ടിരുന്നത്. അതുകൊണ്ടു വിദ്യാര്‍ഥിയെ പരിചയമുള്ള അധ്യാപകര്‍ സ്‌കൂളിലുണ്ടായിരുന്നില്ല. തുടര്‍ന്ന് അധ്യാപകരുടെ നിര്‍ദേശപ്രകാരം രക്ഷിതാവ് മേപ്പയൂര്‍ പൊലീസില്‍ പരാതി നല്‍കി. സ്‌കൂള്‍ പേരാമ്പ്ര സ്റ്റേഷന്‍ പരിധിയിലായതിനാല്‍ അവിടെ പരാതി നല്‍കാന്‍ നിര്‍ദേശിച്ചു. പരീക്ഷ കഴിഞ്ഞ ശേഷം അന്വേഷിക്കാമെന്നും പൊലീസ് പറഞ്ഞു.

തുടര്‍ന്ന് രക്ഷിതാവ് സ്‌കൂളില്‍ തിരിച്ചെത്തി. സ്‌കൂളില്‍ കോവിഡ് നിയന്ത്രണ ജോലിക്ക് നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതിനിടെ മേപ്പയ്യൂര്‍ പൊലീസ് അറിയിപ്പു നല്‍കിയിരുന്നു. തുടര്‍ന്ന് രക്ഷിതാവ് സ്‌കൂളില്‍ പൊലീസിനൊപ്പം പരീക്ഷ കഴിയുന്നതുവരെ കാത്തിരുന്നു. പരീക്ഷ കഴിഞ്ഞ് സ്‌കൂളിനു പുറത്തേക്ക് മൂന്നാമതായി കുട്ടി ഇറങ്ങിവന്നു. ഇതോടെ അധ്യാപകര്‍ അങ്കലാപ്പിലായി.

പരീക്ഷാഫലം വരുമ്പോള്‍ പ്രശ്‌നമാവുമോ എന്ന് രക്ഷിതാവ് ചോദിച്ചെങ്കിലും പ്രശ്‌നം പരിഹരിക്കാമെന്ന് അധ്യാപകര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ പരീക്ഷക്ക് കുട്ടി ഹാജരായില്ല എന്നാണ് രേഖപ്പെടുത്തിയത്. ഇതോടെ മുഹമ്മദിന്റെ തുടര്‍ പഠനം പ്രതിസന്ധിയിലായിരുന്നു.