കടിയങ്ങാട്ടെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയില്‍; ഉടന്‍ പരിഹാരം വേണമെന്ന് നാട്ടുകാര്‍


പേരാമ്പ്ര: കടിയങ്ങാട്ടെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയില്‍. ഇരുപത് വര്‍ഷം മുമ്പ് ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രമാണ് അപകടാവസ്ഥയിലായത്. മുന്‍ ഗ്രാമപഞ്ചായത്ത് അംഗം തെനയങ്കോട്ട് കുഞ്ഞബ്ദുള്ളയുടെ സ്മാരകമായി നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രമാണ് ഇത്.

പേരാമ്പ്ര, നടുവണ്ണൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ്, ബാലുശ്ശേരി, ഉള്ളിയേരി തുടങ്ങിയ സ്ഥലങ്ങളിലേക്കും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള യാത്രക്കാരാണ് ഈ ബസ് കാത്തിരിപ്പ് കേന്ദ്രം ഉപയോഗിക്കുന്നത്. മേല്‍ക്കൂരയുടെ ഷീറ്റ് കാറ്റില്‍ അടുത്ത പറമ്പിലേക്ക് പാറി വീണിരുന്നു.

ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമെല്ലാം ഈ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ദുരവസ്ഥ അറിയുന്നവരാണെങ്കിലും യാതൊരു പരിഹാരവും കാണാനുള്ള നടപടികള്‍ സ്വീകരിച്ചില്ല. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ട് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.