കായണ്ണപുളിയോട്ടുമുക്ക് കനാല്‍റോഡില്‍ യാത്രാദുരിതം


കായണ്ണബസാര്‍: മഴ തുടങ്ങിയതോടെ കായണ്ണപുളിയോട്ട് മുക്ക് കനാല്‍റോഡില്‍ ചെളിയും വെള്ളക്കെട്ടും. ടാറിങ് നടക്കാത്ത 600 മീറ്റര്‍ ഭാഗത്താണ് യാത്ര ദുരിതമായിരിക്കുന്നത്. മഹാമാരിക്കാലത്ത് റോഡ് തകര്‍ച്ച കാരണം രോഗികളെ കൊണ്ടുപോകാന്‍വരുന്ന വാഹനങ്ങള്‍ക്കുപോലും യാത്ര ദുരിതമാണെന്ന് പ്രദേശവാസികള്‍ പരാതിപ്പെടുന്നു.

കായണ്ണനൊച്ചാട് പഞ്ചായത്തുകള്‍ അതിര്‍ത്തിപങ്കിടുന്ന റോഡാണിത്. കായണ്ണയില്‍നിന്ന് പുളിയോട്ട് മുക്കിലേക്ക് രണ്ടര കിലോമീറ്റര്‍ ദൂരമുണ്ടെങ്കിലും നൊച്ചാട് പഞ്ചായത്തിന്റെ ഭാഗങ്ങള്‍ റോഡ് ടാറിങ് പൂര്‍ത്തീകരിച്ചു. കായണ്ണ പഞ്ചായത്തിന്റെ കീഴിലുള്ള 600 മീറ്റര്‍ ദൂരമാണിനി ടാര്‍ ചെയ്യാനുള്ളത്. ഇതിന്റെ പണി പൂര്‍ത്തീകരിച്ചാല്‍ കായണ്ണയില്‍നിന്ന് പുളിയോട്ട് മുക്കിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാകും. കുടിവെള്ളപദ്ധതിയുടെ ഭാഗമായി കനാല്‍ ഓരം പൈപ്പിടാന്‍ കീറിമുറിച്ചതിനാല്‍ ചെളിയും കുണ്ടും റോഡില്‍ രൂപപ്പെട്ടിട്ടുണ്ട്. നല്ലമഴയത്ത് റോഡിലെ കുഴികളില്‍ വെള്ളം നിറയുന്നതിനാല്‍ റോഡേത്, കുഴിയേത് എന്നറിയാത്ത അവസ്ഥയിലാണെന്ന് നാട്ടുകാര്‍ പറയുന്നു.