നാല് ദിവസം നീണ്ടു നിന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് സമാപനം; ചെറുവണ്ണൂരില്‍ നടന്ന ഇ.എം.എസ് ഫു്ടബോള്‍ ടൂര്‍ണമെന്റില്‍ സോക്കര്‍ കാലിക്കറ്റിന് ജയം


ചെറുവണ്ണൂര്‍: മുയിപ്പോത്ത് നിരപ്പം ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഇ.എം.എസ് കപ്പ് ഉത്തരമേഖല ഫുട്ബോള്‍ ടൂര്‍ണമെന്റിന് കൊടിയിറങ്ങി. ഇന്നലെ നടന്ന ഫൈനല്‍ മത്സരത്തില്‍ സോക്കര്‍ കാലിക്കറ്റ് ജേതാക്കളായി. വീ വണ്‍ എഫ് സി വയനാട് റണ്ണേഴ്സ് അപ് ആയി. എതിരില്ലാതെ മൂന്ന് ഗോളുകള്‍ക്കാണ് സോക്കര്‍ കാലിക്കറ്റ് ജയിച്ചത്.

സമാപന പരിപാടിയുടെ ഔപചാരിക ഉല്‍ഘാടനം സംസ്ഥാന പ്രസിഡന്റ് വി വസീഫ് നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് എല്‍ ജി ലിജീഷ് മുഖ്യ അതിഥിയായി. ജേതാക്കള്‍ക്കുള്ള ട്രോഫികള്‍ ഇരുവരും ചേര്‍ന്ന് കൈമാറി.

ബ്ലോക്ക് സെക്രട്ടറി വി.കെ അമര്‍ഷാഹി പങ്കെടുത്തു. സ്വാഗത സംഘം ചെയര്‍മാന്‍ എ കെ എം രാജന്‍ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി എ കെ അഭിരാജ് സ്വാഗതവും വി സുധീഷ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

മെയ് 16 മുതലാണ് മത്സരങ്ങള്‍ ആരംഭിച്ചത്. മലബാറിലെ പ്രമുഖ ടീമുകളായ ഫാല്‍ക്കണ്‍സ് തിരുവോട്, എം.എഫ്.എ സ്‌പോര്‍ട്‌സ് മാഹി, ഷോണോയ്‌സ് പേരാമ്പ്ര, സോക്കര്‍ കാലിക്കറ്റ്, വീവണ്‍ എഫ്.സി വയനാട്, ബിബോയ്‌സ് തിരുവോട്, എന്‍.എഫ്.എ നിരപ്പം, വീവണ്‍ സ്‌പോര്‍ട്‌സ് വടകര എന്നീ ടീമുകളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്.