കാൽ നൂറ്റാണ്ടിന്റെ ചുവപ്പ്, കൊയിലാണ്ടി നഗരസഭ ഇത്തവണ കടും ചുവപ്പെന്ന് ഇടത് മുന്നണി; മായ്ച്ച് കളയുമെന്ന് യുഡിഎഫ്


സ്വന്തം ലേഖകൻ
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയില്‍ എൽഡിഎഫും യുഡിഎഫും തമ്മിൽ ശക്തമായ മത്സരം നടക്കുകയാണ്. നഗരസഭ രൂപീകരിച്ചത് മുതൽ കാൽ നൂറ്റാണ്ട് കാലമായി ഇടതു മുന്നണിയാണ് ഭരണം നടത്തുന്നത്. ഇപ്പോഴത്തെ എംഎൽഎ രണ്ട് തവണയും അഡ്വ. എം പി ശാലിനി, കെ ശാന്ത ടീച്ചർ, അഡ്വ. കെ സത്യൻ എന്നിവർ ഓരോ തവണയും നഗരസഭാ അധ്യക്ഷ സ്ഥാനത്തെത്തി. നിലവിൽ സിപിഎമ്മിന് 29 സീറ്റും കോൺഗ്രസ്, ലീഗ് എന്നീ പാർട്ടികളിലായി യുഡിഎഫിന് പതിമൂന്ന് സീറ്റും ബിജെപിയ്ക്ക് രണ്ട് സീറ്റുമാണുള്ളത്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇടത്പക്ഷം പ്രചാരണം നടത്തുന്നത്. ഇടത് ഭരണം തുടരുമെന്ന് അവർ അവകാശവാദം ഉന്നയിക്കുന്നു. എന്നാൽ ഇടത്പക്ഷത്തെ അട്ടിമറിക്കുമെന്ന് യുഡിഎഫും 16 സീറ്റുകൾ നേടി കരുത്ത് തെളിയിക്കുമെന്ന് എൻഡിഎയും വാദം ഉന്നയിക്കുകയാണ്.
കരുത്തരുടെ ഇടങ്ങൾ
ഓരോ രാഷ്ട്രീയപ്പാർട്ടിക്കും ഓരോ ശക്തി കേന്ദ്രങ്ങളുണ്ട് കൊയിലാണ്ടിയിൽ. മന്ദമംഗലം, പുളിയഞ്ചേരി, കൊടക്കാട്ടും മുറി, ഇല്ലത്ത് താഴ, പന്തലായനി, കൊയിലാണ്ടി ടൗൺ, കുറുവങ്ങാട്, മുത്താമ്പി, നടേരി എന്നീ സ്ഥലങ്ങളിലെ സിപിഎമ്മിന്റെ ആഴത്തിലുള്ള ജനകീയ അടിത്തറയാണ് ഇടതു മുന്നണിയുടെ കരുത്ത്. കഴിഞ്ഞ തവണ ചില കോൺഗ്രസ് വാർഡുകളും ബിജെപിയുടെ ഒരു വാർഡും ഇടതുപക്ഷം പിടിച്ചെടുത്തിരുന്നു. ശക്തി കേന്ദ്രങ്ങളിൽ ഇത്തവണയും സിപിഎമ്മിന് കാര്യമായ വെല്ലുവിളിയില്ല. എന്നാൽ കുറുവങ്ങാട്, ഇരുപത്തി ഏഴാം വാർഡിൽ മുൻ ഇടത് കൗൺസിലർ എൻ.വി രവി സിപിഎമ്മിന്റെ സ്ഥാനാർത്ഥിയായ കെ.ഷിജുവിനെതിരെ മത്സര രംഗത്തുണ്ട്. കോൺഗ്രസും ബിജെപിയും ഇവിടെ സ്ഥാനാർത്ഥിയെ നിർത്തിയിട്ടുമുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി.വി.ആലിയും,ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി എം.പി.ജിനീഷും മല്‍സരിക്കുന്നു. കനത്ത മത്സരം നടക്കുന്ന ഈ വാർഡ് കൊയിലാണ്ടി നഗരസഭാ തിരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രമാകുകയാണ്. ഇടതുമുന്നണിക്ക് ഭരണ തുടർച്ച തീർച്ചയായും ഉണ്ടാവും എന്ന് കെ ദാസൻ എംഎൽഎ പറഞ്ഞു. നിലവിലുള്ള 29 സീറ്റിൽ നിന്ന് 32 സീറ്റ് ആയി നില മെച്ചപ്പെടുത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കെ. സത്യന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ.

കൊയിലാണ്ടി ടൗണിനോട് ചേർന്നതും കൊല്ലത്തേയും തീരദേശ വാർഡുകളും കുറുവങ്ങാട്, വിയ്യൂർ, നടേരി എന്നിവിടങ്ങളിലെ ചില വാർഡുകളും യുഡിഎഫ് വിജയിച്ച് വരാറുള്ളവയാണ്. പല സീറ്റിലും വലിയ ഭൂരിപക്ഷവും ഉണ്ടാകാറുണ്ട്. ഡിസിസി പ്രസിഡൻറ് യു രാജീവൻ മാസ്റ്റർ കഴിഞ്ഞ തവണ ഇടത്പക്ഷത്ത് നിന്ന് ചെറിയ വോട്ടിന്റെ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്ത ഏഴാം വാർഡിൽ ഇത്തവണ കടുത്ത മത്സരമാണ്. കോൺഗ്രസിനെ സംബന്ധിച്ച് അഭിമാന പോരാട്ടമാണിവിടെ. ഇതിന് തൊട്ടടുത്ത വിയ്യൂരിലെ എട്ടാം വാർഡിൽ ബിജെപിയ്ക്ക് സ്ഥാനാർത്ഥിയില്ല. കോൺഗ്രസ് – ബിജെപി ധാരണയാണ് ഇതിന് പിന്നിലെന്ന് സിപിഎം ആരോപിക്കുന്നു. പക്ഷേ, നഗരസഭയിൽ വിജയപ്രതീക്ഷയിലാണ് കോൺഗ്രസ്. കഴിഞ്ഞ തവണ എഴുപതിന് താഴെ വോട്ടിന് പരാജയപ്പെട്ട എട്ട് സീറ്റുകളുണ്ടെന്നാണ് യൂ.ഡി.എഫ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്ന കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.വി.സുധാകരന്‍ പറയുന്നത്. ഇതിൽത്തന്നെ 40 വോട്ടിന് തോറ്റ ആറ് സീറ്റുകളുണ്ട്. ഈ സീറ്റുകള്‍ പിടിച്ചെടുക്കുന്നതോടൊപ്പം മറ്റ് വാര്‍ഡുകളിലും വലിയ മുന്നേറ്റം നടത്തുമെന്നാണ് യൂ.ഡി.എഫ് നേതൃത്വം ഉറപ്പിച്ചു പറയുന്നത്. “ഇത്തവണ യുഡിഎഫ് നഗരസഭാ ഭരണം പിടിക്കും. 27 മുതൽ 30 വരെ സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്” എന്ന് യു.ഡി.എഫ് നഗരസഭാ കമ്മിറ്റി ചെയർമാൻ
അൻവർ ഇയ്യഞ്ചേരി പറഞ്ഞു.
നഗരസഭയിൽ ബിജെപിയ്ക്ക് കാര്യമായ സ്വാധീനമില്ല. ടൗണിന് സമീപത്തെ കടലോര വാർഡുകളിലാണ് പാർട്ടിയുടെ പ്രതീക്ഷ. ചില വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർത്ഥിയുമില്ല. എങ്കിലും ഇത്തവണ നഗരസഭയിൽ നിർണായകമാകുക ബിജെപിയുടെ പ്രകടനമാണെന്ന് എൻഡിഎയുടെ നഗരസഭാ തിരഞ്ഞെടുപ്പ് കമ്മറ്റി കൺവീനർ ഒ മാധവൻ പറഞ്ഞു. നിലവിൽ രണ്ട് സീറ്റുള്ള ബിജെപി 16 സീറ്റ് വരെ നേടുമെന്ന് അദ്ദേഹം പറയുന്നു.
മൂന്ന് മുന്നണികളും മുപ്പത്തിയാറാം വാർഡിൽ
മുപ്പത്തി ആറാം വാർഡ് യുഡിഎഫിനെയും എൽഡിഎഫിനെയും എൻഡിഎയെയും സംബന്ധിച്ച് അഭിമാന പോരാട്ടം നടക്കുന്ന സ്ഥലമാണ്. ബിജെപിയുടെ ജില്ലാ നേതാവ് വി കെ ജയന്റെ സിറ്റിംഗ് വാർഡ് 2015ൽ ദിവ്യാ ശെൽവരാജിലൂടെ സിപിഎം പിടിച്ചു. ദിവ്യ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷയുമായി. എന്നാൽ ഭരണ സമിതിയുടെ കാലാവധി അവസാനിക്കുമ്പഴേക്ക് ദിവ്യ എൽഡിഎഫുമായി അകന്നു. ഇപ്പോൾ ഇതേ വാർഡിൽ യുഡിഎഫ് സ്വതന്ത്രയായി മത്സരിക്കുകയാണ് ദിവ്യ. വാർഡ് നിലനിർത്തേണ്ടത് സിപിഎമ്മിനും തിരിച്ചു പിടിക്കേണ്ടത് ബിജെപിക്കും അഭിമാന പ്രശ്നമാണ്. അതുകൊണ്ട് ഗംഭീരമായ ത്രികോണ മത്സരമാണ് ഇവിടെ നടക്കുന്നത്.
ഒരുക്കം
സീറ്റു വിഭജനമെല്ലാം വേഗത്തില്‍ പൂര്‍ത്തിയാക്കി,സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് പ്രചരണം ശക്തമാക്കി പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഏറെ ദൂരം മുന്നോട്ട് പോയത് എല്‍.ഡി.എഫ് തന്നെയാണ്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് ഓരാഴ്ച മുമ്പേ തന്നെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. മറുവശത്ത് യൂ.ഡി.എഫില്‍ ഘടക കക്ഷികക്ഷിയെന്ന് പറയാന്‍ കൊയിലാണ്ടിയില്‍ മുസ്ലിം ലീഗ് മാത്രമേയുളളു. 44 സീറ്റില്‍ 10 സീറ്റ് മുസ്ലിം ലീഗിന് കൊടുത്തു. ബാക്കി 34 സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും യൂ.ഡി.എഫ് പിന്തുണയ്ക്കുന്ന സ്വതന്ത്രരും മല്‍സരിക്കുന്നു. 38 സീറ്റിലാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ മല്‍സരിക്കുന്നത്. കഴിഞ്ഞ തവണ 35(ചെറിയമങ്ങാട്),41(സിവില്‍ സ്റ്റേഷന്‍) വാര്‍ഡുകളിലാണ് ബി.ജെ.പി വിജയിച്ചത്. ഇവിടങ്ങളിൽ ശക്തമായ ത്രികോണ മല്‍സരം നടക്കുന്നു.
പ്രമുഖർ
നിലവിലുളള ചെയര്‍മാന്‍ കെ.സത്യന്‍, വിദ്യാഭ്യാ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.ഷിജു എന്നിവര്‍ വീണ്ടും മല്‍സരിക്കുന്നുണ്ട്. കെ.സത്യന്‍ പതിനഞ്ചാം വാര്‍ഡിലും(പന്തലായനി സൗത്ത്),കെ.ഷിജു ഇരുപത്തിയേയാം വാര്‍ഡിലും വീണ്ടും ജനവിധി തേടുന്നു. നേരത്തേ സ്ഥിരം സമിതി അധ്യക്ഷയായ കെ.എ ഇന്ദിര ഇത്തവണ മത്സര രംഗത്തുണ്ട്.
യൂ.ഡി.എഫില്‍ നിലിവിലുളള കൗണ്‍സിലര്‍മാരും മുന്‍ കൗണ്‍സിലര്‍മാരും മല്‍സര രംഗത്തുണ്ട്. കെ.പി.സി.സി മെമ്പറും മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമായ പി.രത്‌നവല്ലി മല്‍സരിക്കുന്നുണ്ട്. നാല്‍പ്പതാം വാര്‍ഡിലാണ് അവര്‍ മല്‍സരിക്കുന്നത്. മുന്‍ നഗരസഭ പ്രതിപക്ഷ നേതാവാണ് പി.രത്‌നവല്ലി. നിലവിലുളള കൗണ്‍സിലര്‍മാരായ ശ്രീജാ റാണി പതിനെട്ടാം വാര്‍ഡിലും,രമ്യമനോജ് വാര്‍ഡ് 28ലും മല്‍സരിക്കുന്നു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റും നിലവിലുളള കൗണ്‍സിലറുമായ വി.പി.ഇബ്രാഹിം കുട്ടി മൂന്നാം വട്ടവും മല്‍സരിക്കുന്നുണ്ട്. വാര്‍ഡ് 37ലാണ് ഇദ്ദേഹം മല്‍സരിക്കുന്നത്. നിലവിലുളള കൗണ്‍സിലര്‍ കെ.ടി.വി റഹ്മത്ത് മുപ്പത്തിയെട്ടാം (താഴങ്ങാടി) വാര്‍ഡില്‍ മല്‍സരിക്കുന്നു.
പ്രചാരണ വിഷയങ്ങൾ
ഇടത് ഭരണത്തിൽ നഗരസഭ കൈവരിച്ച നേട്ടങ്ങൾ ആണ് ഇടതു മുന്നണിയുടെ പ്രധാന പ്രചാരണ വിഷയം. 300 കോടിയുടെ വികസന പ്രവർത്തനമാണ് നടത്തിയത് എന്ന് അവർ അവകാശപ്പെടുന്നു. ഭവനരഹിതർക്കായി ആയിരത്തിലധികം വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി. താലൂക്ക് ആശുപത്രിയുടെ വികസനം യാഥാർഥ്യമാക്കി. സി ടി സ്കാനും ഡയാലിസിസ് സെൻറർ ആരംഭിച്ചു. സമ്പൂർണ്ണ മാലിന്യ സംസ്കരണ, ഹരിതവൽക്കരണ, സൗന്ദര്യവൽക്കരണ നഗരമാക്കി. നാലു പകൽ വീടുകൾ നിർമ്മിച്ചു. കൊല്ലത്ത് മത്സ്യമാർക്കറ്റ്, വനിതാ സൗഹൃദ കേന്ദ്രങ്ങൾ എന്നിവ സ്ഥാപിച്ചു. തുടങ്ങി നിരവധി വികസന പദ്ധതികൾ എൽഡിഎഫ് അക്കമിട്ട് നിരത്തുന്നു.
തീരദേശ മേഖലയുടെ അടിസ്ഥാന വികസനത്തിന് ഒരു പദ്ധതിയും ഇടത് ഭരണത്തിൽ നടപ്പാക്കിയില്ല എന്നതാണ് യുഡിഎഫിന്റെ പ്രധാന ആക്ഷേപം. പൊതുസ്മശാനമോ,ആധുനിക അറവുശാലയോ ഇല്ല. പൊതു ശൗചാലയങ്ങൾ ഇല്ല. നഗരസഭയെ ലഹരിമാഫിയയുടെ വിഹാര കേന്ദ്രങ്ങളാക്കാൻ അനുവദിച്ചു. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച തുമ്പൂർമുഴി മോഡൽ മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ വെറുതെ കിടക്കുന്നു എന്നിവ പ്രധാന ആക്ഷേപങ്ങളായി ഉന്നയിക്കുന്നു യുഡിഎഫ്.
തീരദേശ മേഖലയിൽ ശുദ്ധജലം എത്തിക്കാൻ ഒരു നടപടിയും എടുത്തില്ല എന്നാണ് ബി.ജെ.പി യുടെ ആക്ഷേപം. ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന നഗരത്തിന് മോചനം ആകുന്ന ഒരു പദ്ധതിയുമില്ല. ഇടറോഡുകൾ എല്ലാം അവഗണിക്കപ്പെട്ടു കിടക്കുന്നു. ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിന് ഒരു മാർഗ്ഗവുമില്ല. നഗരസഭയോട് കൂട്ടിച്ചേർത്ത നടേരി ഭാഗം തികഞ്ഞ അവഗണനയിലാണ്. നഗരസഭകൾക്കുള്ള കേന്ദ്ര പദ്ധതികൾ ഫലപ്രദമായി ഉപയോഗിച്ചില്ല എന്നീ കുറ്റങ്ങളും ബിജെപി ഉന്നയിച്ചു.
ആര് നയിക്കും?
നഗരസഭാധ്യക്ഷയാകാൻ എൽ.ഡി.എഫ് പരിഗണിക്കുന്നത് കെ എ ഇന്ദിര, സുധ കിഴക്കെപ്പാട്ട് എന്നിവരെയാണ്. രണ്ട് പേരും സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങളും മുൻ കൗൺസിലർമാരുമാണ്.
യുഡിഎഫ് പരിഗണിക്കുന്നത് നഗരസഭ മുൻ പ്രതിപക്ഷനേതാവ് പി രത്നവല്ലി, കൗൺസിലർ ശ്രീജാറാണി എന്നിവരെയാണ്.