കിണറിലെ വെള്ളത്തില്‍ അണുക്കളുണ്ടോയെന്ന് പരിശോധിക്കാം; ജല ഗുണനിലവാര പരിശോധന പരിശീലനവുമായി തുറയൂര്‍ പഞ്ചായത്ത്


തുറയൂര്‍: ജലജീവന്‍ മിഷന്‍ തുറയൂര്‍ പഞ്ചായത്തുതല ജല ഗുണനിലവാര പരിശോധന പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മുഴുവന്‍ കിണര്‍ വെള്ളവും ശാസ്ത്രീയമായി പരിശോധിക്കുകയും ജനങ്ങളില്‍ ജല ഗുണനിലവാരം സംബന്ധിച്ച അവബോധം സൃഷ്ടിക്കുകയുമാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. അതോടൊപ്പം പഞ്ചായത്തിലെ വിവിധ മേഖലകളിലെ പ്രതിനിധികള്‍ക്കായി അഞ്ച് പരിശീലന പരിപാടികള്‍ കൂടി സംഘടിപ്പിക്കും.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ശ്രീജ മാവുള്ളാട്ടില്‍ അധ്യക്ഷത വഹിച്ചു. വാട്ടര്‍ അതോറിറ്റി ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം മാനേജര്‍ എം.ജി .വിനോദ് പരിശീലനത്തിന് നേതൃത്വം നല്‍കി. ഗ്രാമ പഞ്ചായത്തംഗങ്ങള്‍,വികസന സമിതി കണ്‍വീനര്‍മാര്‍, എഡിഎസ് പ്രതിനിധികള്‍, അധ്യാപകര്‍, അംഗണവാടി ടീച്ചര്‍മാര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, കുടിവെള്ള സമിതി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്മാരായ കെ.എം.രാമകൃഷ്ണന്‍, കെ.കെ.സബിന്‍ രാജ്, ടി.കെ. ദിപിന, പഞ്ചായത്തംഗം എ.കെ.കുട്ടിക്കൃഷ്ണന്‍, സെക്രട്ടറി കെ.കൃഷ്ണകമാര്‍, ഇ.എം.രാംദാസ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ജലജീവന്‍ മിഷന്‍ നിര്‍വ്വഹണ സഹായ സ്ഥാപനമായ സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.പി.രാധാകൃഷ്ണന്‍ സ്വാഗതവും ടീം ലീഡര്‍ കെ.കെ..അര്‍ഷ നന്ദിയും പറഞ്ഞു.