കേരളത്തിലെ പ്രതിപക്ഷം ആത്മവിശ്വാസം നഷ്ടപ്പെട്ട സംഘമായി മാറി; എ.വിജയരാഘവൻ


കൊയിലാണ്ടി: കേരളത്തിലെ പ്രതിപക്ഷം ആത്മവിശ്വാസം നഷ്ടപ്പെട്ടവരുടെ സംഘമായി മാറിയെന്നും അതുകൊണ്ടാണ് നാട്ടിൽ അക്രമത്തിന്റെയും കലാപത്തിന്റെയും പാത സ്വീകരിക്കുന്നതെന്നും എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ പറഞ്ഞു. പി.എസ്.സി റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തിന്റെ മറവിൽ അക്രമം നടത്തി തിരിച്ചു വരാൻ കഴിയുമോ എന്ന അവസാന ശ്രമമാണ് പ്രതിപക്ഷം നടത്തുന്ന തെന്നും അദ്ദേഹം പറഞ്ഞു.

മുൻധാരണയോടെ നടക്കുന്ന തിരക്കഥയുടെ ആവിഷ്കാരമാണ് അക്രമ സമരങ്ങൾ. കേരളത്തിൽ ഇടതുപക്ഷത്തിന് തുടർ ഭരണം ഉറപ്പാണ്. കേരളത്തിൽ വികസന തുടർചയുണ്ടാക്കാൻ ഇടതുപക്ഷത്തിനു മാത്രമേ കഴിയൂ. ജനങ്ങൾക്ക് നൽകിയ വാഗ്ധാനങ്ങളെല്ലാം പാലിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന ഗവൺമെന്റാണ് എൽ.ഡി.എഫ് ഗവൺമെണ്ടെന്നും വിജയരാഘവൻ പറഞ്ഞു.

വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി ഇന്ന് രാവിലെ കൊയിലാണ്ടിയിൽ പത്രക്കാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം ജില്ല സെക്രട്ടറി പി.മോഹനൻ മാസ്റ്ററും വിജയരാഘവനൊപ്പമുണ്ടായിരുന്നു. ഇന്നലെ വൈകിട്ടാണ് ജാഥയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകിയത്. ഇന്നലത്തെ ജാഥയുടെ സമാപനവും കൊയിലാണ്ടിയിലായിരുന്നു.

ഇന്ന് രാവിലെ കൊയിലാണ്ടിയിൽ നിന്ന് പുറപ്പെട്ട ജാഥ ആദ്യ സ്വീകരണ കേന്ദ്രമായ കക്കോടിയിലേക്ക് പോയി.