കൊയിലാണ്ടിയിൽ ബിജെപിയും കോൺഗ്രസ്സും വോട്ട് വിൽപ്പന നടത്തി എന്ന് എൽ ഡി എഫ്


കൊയിലാണ്ടി : തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ പരാജയപ്പെടുത്താൻ കൊയിലാണ്ടിയിൽ ബിജെപിയും കോൺഗ്രസ്സും വോട്ട് വിൽപ്പന നടത്തി എന്ന് എൽ ഡി എഫ് നഗരസഭ തിരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി അഡ്വ:എൽ.ജി.ലിജീഷ് പറഞ്ഞു. നഗരസഭയിലെ ഭൂരിപക്ഷം വാർഡുകളിലും ബി.ജെപി. വോട്ടുകൾ കാണാനില്ല. നഗരസഭയിലെ 18-ാം വാർഡിൽ കഴിഞ്ഞ തവണ ബിജെപി 300ൽപ്പരം വോട്ട് നേടിയിരുന്നു. എന്നാൽ ഇത്തവണ ബിജെപി.ക്ക് ലഭിച്ചത് വെറും 91 വോട്ടാണ്. ഇതോടെ ബിജെപിയുടെ വോട്ടിംഗ് ശതമാനത്തിൽ വലിയ കുറവാണ് ഉണ്ടായിട്ടുള്ളത്.

മുൻ നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ മത്സരിച്ച പന്തലായനി സൌത്ത് 15-ാം വാർഡിൽ ബിജെപിക്ക് കിട്ടിയത് വെറും 27 വോട്ടാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 62 വോട്ടും അതിന് മുമ്പ് 74 വോട്ടും ബിജെപി നേടിയിരുന്നു. പന്തലായനി നോർത്ത് 12–ാം വാർഡിൽ കോൺഗ്രസ്സ് ബി.ജെ.പി.ക്ക് വോട്ട് മറിച്ച് നൽകി. കഴിഞ്ഞ ഇലക്ഷനിൽ കോൺഗ്രസിന് 250 വോട്ടുണ്ടായിരുന്നു. ബിജെപിക്ക് 150ഉം. എന്നാൽ ഇത്തവണ കോൺഗ്രസിന് 155 ഉം ബിജെപിക്ക് 254 വോട്ടും ലഭിച്ചു. നഗരസഭയിലെ കണയങ്കോട് 26-ാം വാർഡിൽ ബിജെപി കോൺഗ്രസ് സഹായത്തോടെ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്. യു.ഡി.എഫ്നു ലഭിച്ചത് വെറും 174 വോട്ടാണ്. ബിജെപിക്ക് ലഭിച്ചത് 340 ഉം എൽ.ഡി.എഫ്. സ്ഥാനാർത്ഥി വി.എം. സിറാജിന് ലഭിച്ചത് 578 വോട്ടും. ഭൂരിപക്ഷം 238.

വാർഡ് 30 കോമത്ത്കരയിൽ കോൺഗ്രസ്സ് വോട്ടുകൾ കൂട്ടത്തോടെ BJP ക്ക് മറിച്ചുനൽകി. 2015ൽ ബി ജെ പി ക്ക് കിട്ടിയ 163 വോട്ട് അത് 326 ആയി ഉയർന്നു. 2015ൽ കോൺഗ്രസ്സിന് കിട്ടിയ 443 വോട്ട് 199 വോട്ടായി കുറഞ്ഞു. ഇതിനു പകരമായി 31-ാം വാർഡിൽ കോതമംഗലത്ത് ബി ജെ പി കോൺഗ്രസ്സിന് വോട്ട് മറിച്ചുനൽകി LDF സീറ്റിൽ UDF വിജയിച്ചു.

നഗരസഭയിലെ 8 വാർഡുകളിൽ ബി ജെ പി സ്ഥാനാർത്ഥികളെ നിർത്തിയിട്ടില്ല. എൽഡിഎഫ്ന് നഷ്ടപ്പെട്ട 4 സീറ്റിലും മറ്റ് പതിനഞ്ചോളം സീറ്റുകളിലും കോൺഗ്രസ്സ് ബിജെപി രഹസ്യ ധാരണയുടെ ഭാഗമായി വോട്ട് മറിക്കൽ നടന്നിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് അഡ്വ:എൽ.ജി.ലിജീഷ് ആരോപിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക