കൊയിലാണ്ടിയിൽ ബിജെപി വോട്ട് മറിച്ചോ? വന്ന കണക്കും വരാനിരിക്കുന്ന കണക്കും കഥ പറയും


കൊയിലാണ്ടി: തെരഞ്ഞെടുപ്പ് ഫലമറിയാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോൾ കൊയിലാണ്ടിയിൽ ഏവരും ഉറ്റുനോക്കുന്നത് ബിജെപി യുടെ പ്രകടനമാണ്. ബിജെപി വോട്ട് ഇവിടെ കോൺഗ്രസ്സിനായി മറിച്ചു എന്ന ആരോപണം ശക്തമാണ്. ഇത് കൊയിലാണ്ടി മണ്ഡലത്തിലെ ജയ പരാജയങ്ങളെ സ്വാധീനിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

കൊയിലാണ്ടിയിലെ ബിജെപി പ്രാദേശിക നേതാവിന്റെ നേതൃത്വത്തിൽ വോട്ടു മറിച്ചതായാണ് ആരോപണം. തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണ പ്രവർത്തനങ്ങൾ ദുർബലമായിരുന്നു. വോട്ടെടുപ്പു ദിവസം പോലും പല ബൂത്തുകളിലും പ്രവർത്തകരുടെ സാനിധ്യമില്ലായിരുന്നു. ബിജെപി സ്ഥാനാർത്ഥിതന്നെ ഇത് സംബന്ധിച്ച് ദേശീയ നേതൃത്വത്തിന് പരാതി നൽകിയതായതാണ് സൂചന.

പ്രതീക്ഷിച്ച ബിജെപി വോട്ടുകൾ ലഭിച്ചാൽ വിജയിക്കാനാകും എന്നാണ് കോൺഗ്രസ് ക്യാമ്പ് കണക്ക് കൂട്ടുന്നത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി രജനീഷ് ബാബുവിന് ലഭിച്ചത് 22,087 വോട്ടാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 24,000 വോട്ടും ബിജെപി നേടുകയുണ്ടായി. പുതിയ വോട്ടർമ്മാരുൾപ്പടെ കണക്ക് കൂട്ടിയാൽ 28,000 ത്തിന് മുകളിൽ വോട്ട് കൊയിലാണ്ടിയിൽ ബിജെപിക്ക് കിട്ടേണ്ടതാണ്. ബിജെപി വോട്ട് കുറഞ്ഞാൽ അത് വോട്ട് കച്ചവടം എന്ന ആരോപണത്തിന് ശക്തി പകരും.