കൊയിലാണ്ടിയിൽ ഹരിത ഓഡിറ്റ് ആരംഭിച്ചു; മികച്ച ഓഫീസുകള്‍ക്ക് ഹരിത ഓഫീസ് സാക്ഷ്യപത്രം


കൊയിലാണ്ടി: ഹരിതാഭമായ, തികച്ചും പരിസ്ഥിതി സൗഹൃദമായ സർക്കാർ ഓഫീസ് അന്തരീക്ഷം ഒരു പക്ഷെ നമുക്ക് അത്ര പരിചിതമായിരിക്കില്ല. എന്നാൽ സർക്കാർ ഓഫീസുകളിൽ ഹരിത ചട്ടം പാലിക്കണമെന്ന സർക്കാർ നിർദേശം ഉൾക്കൊണ്ട് ഹരിത ഓഫീസ് പ്രഖ്യാപനത്തിന് തയ്യാറെടുക്കുകയാണ് കൊയിലാണ്ടി നഗരസഭ.

ജനുവരി 26 ന് സംസ്ഥാനത്ത് 10,000 സർക്കാർ ഓഫീസുകൾ ഹരിത ഓഫീസുകളായി പ്രഖ്യാപിക്കാനാണ് സംസ്ഥാന സർക്കാർ ഹരിത കേരള മിഷനിലൂടെ തയ്യാറെടുക്കുന്നത്. കൊയിലാണ്ടി നഗരസഭയിലെ 20 സർക്കാർ ഓഫീസുകൾ ഹരിത പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഹരിത ഓഫീസുകളായി പ്രഖ്യാപിക്കുമെന്ന് ചെയർപേഴ്സൺ സുധ.കെ.പി പറഞ്ഞു.

ഹരിത ഓഫീസ് പ്രഖ്യാപനത്തിന്റെ ഭാഗമായി നഗരസഭയിലെ സര്‍ക്കാര്‍ ഓഫീസുകളിൽ ഗ്രീന്‍പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ഓഡിറ്റ് ആരംഭിച്ചു. തിരഞ്ഞെടുക്കപ്പെട്ട നാൽപതോളം ഓഫീസ് മേധാവികൾ യോഗത്തിൽ പങ്കെടുത്തു.

നഗരസഭ ചെയർപേഴ്സൺ സുധ.കെ.പി യോഗത്തിന് അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.എം.പ്രസാദ്, ഹരിത കേരള മിഷൻ പ്രതിനിധി നിരഞ്ജന.എം.പി എന്നിവർ ഓഫീസുകളിലെ ഹരിത ചട്ട പാലനം സംബന്ധിച്ച് വിശദീകരിച്ചു. നഗരസഭ സെക്രട്ടറി ഹെൽത്ത് ഇൻസ്പെക്ടർ കെ.പി.രമേശൻ എന്നിവർ സംശയങ്ങൾക്ക് മറുപടി നൽകി.

മികച്ച ഓഫീസുകള്‍ക്ക് ഹരിത ഓഫീസ് സാക്ഷ്യപത്രം നൽകും.
അഞ്ച് അംഗങ്ങള്‍ അടങ്ങിയ ഹരിത ഓഡിറ്റ് സംഘം ഗ്രീന്‍പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ പരിശോധനയിലൂടെ വിലയിരുത്തി സര്‍ട്ടിഫിക്കേഷന്‍ ചെയ്യും. ന്യൂനതകളുണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിന് നിര്‍ദ്ദേശവും നല്‍കും. മികച്ച രീതിയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഗ്രേഡ് നല്‍കി ‘ഹരിത ഓഫീസ്’ സാക്ഷ്യപത്രവും അനുകരണീയ മാതൃക സൃഷ്ടിച്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അനുമോദനവും നല്‍കും.

22 ഇനങ്ങള്‍ അടങ്ങിയ പരിശോധനയില്‍ ആകെയുള്ള 100 മാര്‍ക്കില്‍ 90-100 മാര്‍ക്ക് നേടുന്ന ഓഫീസുകള്‍ക്ക് എ ഗ്രേഡും, 80-89 വരെ നേടുന്നവര്‍ക്ക് ബി ഗ്രേഡും, 70-79 വരെ നേടുന്നവര്‍ക്ക് സി ഗ്രേഡും നല്‍കും. 70 നു താഴെ മാര്‍ക്ക് നേടുന്ന ഓഫീസുകള്‍ക്ക് ഗ്രേഡ് നല്‍കില്ല. പകരം 15 ദിവസത്തെ സമയപരിധി നല്‍കി പുനഃ പരിശോധന നടത്തും.