കൊയിലാണ്ടിൽ സിപിഎം ലോക്കൽ കമ്മിറ്റികളിൽ പുതുമുഖങ്ങൾ; മൂന്ന് കമ്മിറ്റികൾക്ക് പുതിയ സെക്രട്ടറിമാർ


കൊയിലാണ്ടി: സിപിഐഎം കൊയിലാണ്ടി ഏരിയ കമ്മറ്റിക്ക് കീഴിലെ സംഘടന കമ്മറ്റികളിൽ പുന:സംഘടന പൂർത്തിയായി. കൊയിലാണ്ടി സെൻട്രൽ, നമ്പ്രത്തുകര, പൊയിൽകാവ് ലോക്കൽ കമ്മറ്റികൾക്ക് പുതിയ സെക്രട്ടറിമാരെ തിരഞ്ഞെടുത്തു. കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറിയായി പി.വി.സത്യനും, നമ്പ്രത്തുകര ലോക്കൽ സെക്രട്ടറിയായി വി.വി.ജമാലും, പൊയിൽകാവ് ലോക്കൽ സെക്രട്ടറിയായി പി.ബാലകൃഷ്ണനുമാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ടത്.

നിലവിലെ കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി ടി.വി.ദാമോദരൻ ആരോഗ്യ കാരണങ്ങളാലാണ് ചുമതല ഒഴിഞ്ഞത്. നമ്പ്രത്തുകര ലോക്കൽ സെക്രട്ടറിയായിരുന്ന എൻ.എം.സുനിൽ കീഴരിയൂർ പഞ്ചായത്ത് ഭരണസമിതിയിലേക്കും, പൊയിൽകാവ് ലോക്കൽ സെക്രട്ടറിയായിരുന്ന ബേബിസുന്ദർ രാജ് ചെങ്ങോട്ട്കാവ് പഞ്ചായത്ത് ഭരണസമിതിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടതിനാലാണ് സെക്രട്ടറി ചുമതല ഒഴിവായത്.

പാർട്ടി സംഘടനാ ചർച്ചയുടെ ഭാഗമായി പ്രവർത്തനങ്ങളിൽ സജീവമല്ലാത്തവരും, പ്രായാധിക്യവും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരുമായ അംഗങ്ങളെ മാറ്റി പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ പാർട്ടിയുടെ സമ്മേളനങ്ങൾ നടക്കേണ്ട സമയമാണ്. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പ് ആസന്നമായ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ പാർട്ടി സമ്മേളനങ്ങൾ ഇനി നടക്കുകയുള്ളൂ. അതിനാലാണ് സംഘടന ചർച്ചനടത്തി എല്ലാ തലത്തിലുള്ള കമ്മറ്റികളിലും അഴിച്ചുപണികൾ നടത്താൻ പാർട്ടി സംസ്ഥാന കമ്മറ്റി ഘടകങ്ങൾക്ക് നിർദേശം നൽകിയത്.

കൊയിലാണ്ടി പാർട്ടി ഏരിയ കമ്മറ്റിക്ക് കീഴിൽ കൊയിലാണ്ടി നഗരസഭ, അരിക്കുളം, കീഴരിയൂർ, ചെങ്ങോട്ട്കാവ്, ചേമഞ്ചേരി പഞ്ചായത്തുകളിലായി 15 ലോക്കൽ കമ്മറ്റികളാണ് ഉള്ളത്. നേരത്തെ ഏരിയ കമ്മറ്റിയിൽ നിന്ന് ആരോഗ്യ കാരണങ്ങളാൽ മൂന്നു പേരെ ഒഴിവാക്കുകയും പകരം പുതിയ ആളുകളെ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന പാർട്ടിക്ക് ഇത് കൂടുതൽ കരുത്തു നൽകും എന്നാണ് പാർട്ടിയുടെ കണക്ക് കൂട്ടൽ.