കൊയിലാണ്ടി താലൂക്ക് ആശുപത്രി;
പുതിയ ബ്ലോക്ക് ശിലാസ്ഥാപനം വ്യാഴാഴ്ച മുഖ്യമന്ത്രി നിർവ്വഹിക്കും


കൊയിലാണ്ടി: കൊയിലാണ്ടി ഗവ.താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ശിലാ സ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. വ്യാഴാഴ്ച വൈകീട്ട് 3.30 ന് വീഡിയൊ കോൺഫറൻസ് വഴിയാണ് മുഖ്യമന്ത്രി ചടങ്ങ് നിർവ്വഹിക്കുക. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ധനമന്ത്രി ടി.എം.തോമസ് ഐസക് മുഖ്യാതിഥിയാകും. കെ.ദാസൻ എം.എൽ.എ, കെ.മുരളീധരൻ എം.പി തുടങ്ങിയവർ പങ്കെടുക്കും.

സംസ്ഥാന സർക്കാർ കിഫ്ബി വഴി അനുവദിച്ച 24 കോടി രൂപ വിനിയോഗിച്ചാണ് രണ്ട് നിലകളിലുള്ള ബൃഹദ് കെട്ടിടം പണിയുന്നത്. ഇപ്പോഴത്തെ ആറു നില കെട്ടിടത്തിന് വടക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന മുഴുവൻ കെട്ടിടങ്ങളും പൊളിച്ചു നീക്കിയാണ് പുതിയ കെട്ടിടം പണിയുന്നത്. പഴയ കെട്ടിടങ്ങൾ എല്ലാം തന്നെ പൊളിച്ചുമാറ്റാനുള്ള സർക്കാർ ഉത്തരവ് ലഭിച്ചു കഴിഞ്ഞു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വാപ്കോസിനാണ് നിർമ്മാണ ചുമതല.