സംസ്ഥാന പുരസ്കാര നിറവിൽ ‘നിയാർക് ഡഫ്‌ സ്കൂൾ’


കൊയിലാണ്ടി: ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ഏറ്റവും മികച്ച സ്ഥാപനത്തിനുള്ള സാമൂഹിക നീതിവകുപ്പിന്റെ അവാർഡ് കൊയിലാണ്ടി നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസർച്ച് സെൻററിന്(നി യാർക്ക്) ലഭിച്ചു. കോഴിക്കോട് വെച്ചു നടന്ന സാമൂഹിക നീതി വകുപ്പിന്റെ വ്യത്യസ്ത പരിപാടികളുടെ ഉദ്‌ഘാടനവേദിയിൽ വെച്ചു മന്ത്രി കെ.കെ.ഷൈലജടീച്ചറാണ് അവാർഡ് പ്രഖ്യാപിച്ചത്.

കേൾവിക്കുറവുള്ള കുട്ടികളെ മുഖ്യധാരയിൽ എത്തിക്കുന്നതിനായി അന്താരാഷ്ട്ര നിലവാരത്തിൽ പ്രവർത്തിക്കുന്ന നിയാർക് ഡഫ്‌ സ്കൂളിനാണ് അവാർഡ് ലഭിച്ചത്. ബധിരമൂക പരിശീലന-ഗവേഷണ മേഖലയിൽ നൂറു വർഷത്തെ പ്രവർത്തനപരിചയമുള്ള അമേരിക്കയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡഫ് (സി.ഐ.ഡി)ലെ വിദഗ്ധരുടെ മേൽനോട്ടത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.

സി.ഐ.ഡി യിൽ നിന്നും കൃത്യമായ ഇടവേളകളിൽ പ്രൊഫഷണൽ ഡവലപ്മെന്റ് ട്രൈനിംഗ് ലഭിക്കുന്ന അധ്യാപകരുടെ സേവനമാണ് ഇവിടെ ലഭ്യമാക്കിയിട്ടുള്ളത്. കൂടാതെ സി.ഐ.ഡി യിൽ നിന്നും നേരിട്ട് പരിശീലനം ലഭിച്ച സ്‌പീച്ഛ് തെറാപ്പിസ്റ്റുകളുടെ നേതൃത്വത്തിലാണ് നിയാർക് ഡഫ്‌ സ്കൂളിലെ ക്ലാസുകൾ നടക്കുന്നത്. നിയാർക്കിലെത്തുന്ന കുട്ടികളെ ചൈൽഡ് റീഹാബിലിറ്റേഷൻ സ്പെഷ്യലിസ്റ്റിന്റെ നേതൃത്വത്തിൽ ഓഡിറ്ററി വെർബൽ സൈക്കോളജിക്കൽ അസ്സസ്മെൻറ് നടത്തിയതിനു ശേഷമാണ് പ്രവേശനം നൽകുന്നത്.

കോക്ലിയാർ ഇമ്പ്ലാൻറ്, ഹിയറിങ് എയിഡ് എന്നിവ ഉപയോഗിക്കുന്ന കുട്ടികളെ പഠനത്തിലും സംസാരത്തിലും മറ്റു മേഖലകളിലും മുഖ്യധാരയിൽ എത്തിക്കുന്നതിനായി പ്രവർത്തിക്കുന്ന നിയാർക്കിൽ ക്ലാസ് റൂമിലെ പഠനപരിശീലനത്തിന് പുറമെ ഓരോ കുട്ടിക്കും വ്യക്തിഗത ഓഡിറ്ററി വെർബൽ തെറാപ്പി, ഒക്ക്യൂപ്പേഷണൽ തെറാപ്പി, ബിഹേവിയറൽ തെറാപ്പി തുടങ്ങിയവ നൽകിവരുന്നു. വിദ്യാർത്ഥികളുടെ കേൾവി പരിശോധനക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഓഡിയോളജി ലാബും ഇവിടെയുണ്ട്.

പഠന വിഷയങ്ങൾക് പുറമെ സംഗീതം, ചിത്രകല, നൃത്തം, കായിക പഠനം, കമ്പ്യൂട്ടർ പരിശീലനം മുതലായവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പാഠ്യപദ്ധതിയാണ് നിയാർക്കിൽ നടപ്പിലാക്കുന്നത്. പരമ്പരാഗത രീതിയിൽ പ്രവർത്തിക്കുന്ന ഡഫ്‌ സ്കൂളുകളെ പോലെ ആംഗ്യഭാഷ പരിശീലിപ്പിക്കുന്നില്ല എന്നതാണ് ഇവിടുത്തെ പ്രധാന സവിശേഷത. അതുകൊണ്ട് തന്നെ ഇവിടെയെത്തുന്ന കുട്ടികൾ വളരെ വേഗത്തിൽ പരിശീലനം പൂർത്തിയാക്കി സാധാരണ സ്കൂളുകളിൽ പ്രവേശനം നേടാൻ കഴിയുന്നു.

ഡഫ്‌ സ്കൂളിന് പുറമെ ഭിന്നശേഷിക്കാർക്കായി അത്യാധുനിക സൗകര്യങ്ങളോടെ നടക്കുന്ന സ്‌പെഷൽ സ്കൂളും നിയാർക്കിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങൾക്കായി അന്താരാഷ്ട്ര നിലവാരത്തിൽ പന്തലായനി അരീക്കുന്നിൽ നിർമിക്കുന്ന വിശാലമായ നിയാർക് ക്യാമ്പസിന്റെ പ്രവൃത്തി പുരോഗമിച്ചു വരുന്നതായും ഈ വർഷാവസാനത്തോടെ പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം നിർവഹിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും നിയാർക് ഭാരവാഹികൾ അറിയിച്ചു.