കൊയിലാണ്ടി നഗരം ഇനി മുതൽ പ്രകാശപൂരിതം


കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ സെന്റർ സർക്കിൾ ഇനി രാത്രി കാലങ്ങളിൽ പ്രകാശം പരത്തും. കെ.ദാസൻ എം.എൽ.എ മണ്ഡലത്തിൽ നടപ്പിലാക്കുന്ന ഗ്രാമജ്യോതി പദ്ധതിയുടെ ഭാഗമായി സെന്റർ സർക്കിളിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. കഴിഞ്ഞ ദിവസങ്ങളിലാണ് സെന്റർ സർക്കിൾ ടൈൽ വിരിച്ച് നവീകരിച്ചത്.

എക്സൈസ് വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണൻ ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ ചെയ്ത് ഉദ്ഘാടനം ചെയ്തു. കെ.ദാസൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ സുധ.കെ.പി, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

കെ.ദാസൻ എംഎൽഎ മണ്ഡലത്തിൽ നടപ്പിലാക്കുന്ന ഗ്രാമജ്യോതി പദ്ധതി പ്രകാരം വിവിധ പഞ്ചായത്തുകളിലായി 73 ഇടങ്ങളിൽ പുതുതായി ലൈറ്റുകൾ സ്ഥാപിക്കും. 67 മിനിമാസ്റ്റ് ലൈറ്റും, 6 ഹൈമാസ്റ്റ് ലൈറ്റുമാണ് സ്ഥാപിക്കുക. 1.35 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയത്. കെൽട്രോണിനാണ് പദ്ധതിയുടെ നടത്തിപ്പ്.