വികസന മുന്നേറ്റ ജാഥയ്ക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല വരവേൽപ്പ്


കൊയിലാണ്ടി: എൽഡിഎഫ് കൺവീനറും സിപിഎം സംസ്ഥാന ആക്ടിംങ്ങ് സെക്രട്ടറിയുമായ എ.വിജയരാഘവന്‍ നയിക്കുന്ന എല്‍.ഡി.എഫ് വികസന മുന്നേറ്റ യാത്രയ്ക്ക് കൊയിലാണ്ടിയില്‍ ഉജ്ജ്വല വരവേല്‍പ്പ്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജാഥാലീഡറെ സ്വീകരണ വേദിയിലേക്ക് ആനയിച്ചു. പാവപ്പെട്ട മനുഷ്യന്റെ താല്‍പ്പര്യത്തിനായി ഭരിക്കുന്ന പിണറായി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ എല്ലാ ഗൂഡശക്തികളും രംഗത്തുണ്ടെന്ന് എ.വിജയരാഘവന്‍ പറഞ്ഞു.

കേന്ദ്രം ഭരിക്കുന്ന മോഡി സര്‍ക്കാര്‍ വിദ്വേഷത്തിന്റെ രാഷ്ട്രീയം നടപ്പിലാക്കുമ്പോള്‍ പിണറായി സര്‍ക്കാര്‍ സൗഹൃദത്തിന്റെ രാഷ്ട്രീയമാണ് നടപ്പിലാക്കുന്നത്. രാജ്യത്തിന്റെ സമ്പത്തും ശേഷിയുമെല്ലാം മോഡി സര്‍ക്കാര്‍ കുത്തകള്‍ക്ക് അടിയറവ് വെക്കുമ്പോള്‍, അതിനൊരു ബദല്‍ നയമാണ് കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.

കേരളത്തില്‍ ഇടത് പക്ഷ രാഷ്ട്രീയം ശക്തമായി നിലനില്‍ക്കുന്നതിനാലാണ് ബി.ജെ.പിയ്ക്ക് ഇവിടെ സ്വാധീനമുറപ്പിക്കാന്‍ കഴിയാത്തത്. പോരാട്ടത്തിന്റെ നാള്‍വഴികളിലൂടെ കരുത്ത് നേടിയ കേരള ജനതയ്ക്ക് മുന്നില്‍ മോഡിയ്ക്കും അമിത്ഷായ്ക്കും മുട്ടു മടക്കേണ്ടി വന്നിരിക്കുകയാണ്. അഞ്ച് വര്‍ഷത്തെ ഭരണം കൊണ്ട് പിണറായി സര്‍ക്കാര്‍ കേരളത്തെ സര്‍വ്വോതോന്‍മുഖമായ വികസനത്തിലെത്തിച്ചു.

113 പാലങ്ങളാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നിര്‍മ്മിച്ച് ഗതാഗതത്തിന് തുറന്ന് കൊടുത്തത്. ബലമുളള ആടാത്ത പാലമാണ് പിണറായി സര്‍ക്കാര്‍ നിര്‍മ്മിച്ചത്. പാലാരി വട്ടം പാലം മോഡലില്‍ നിലത്ത് മുട്ടാത്ത കാലുകളോടെയല്ല പാലം പണിതത്. പാലാരി വട്ടം പാലം അഴിമതി കേസില്‍ ലീഗ് മന്ത്രി ജയിലില്‍ പോയപ്പോള്‍ ഉമ്മന്‍ ചാണ്ടി കണ്ണീര്‍വാര്‍ക്കുകയായിരുന്നു.ഉപ്പു സത്യഗ്രഹത്തിന് പോയതിന്റെ പേരിലല്ല ഒരു മന്ത്രിയെ ജയിലിലാക്കിയതെന്ന് കോണ്‍ഗ്രസ്സുകാര്‍ മനസ്സിലാക്കണം.

എല്ലാ തിന്മകള്‍ക്ക് കൂട്ടു നില്‍ക്കുകയാണ് കോണ്‍ഗ്രസ്സുകാര്‍ ചെയ്യുന്നത്. കേരളത്തിന്റെ എല്ലാ നേട്ടങ്ങളും തകര്‍ക്കുകയാണ് യൂ.ഡി.എഫിന്റെ ലക്ഷ്യം. ഇത് ഒരു തരത്തിലും അനുവദിക്കരുത്-വിജയരാഘവന്‍ പറഞ്ഞു. കോവിഡ് കാലത്ത് കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന്‍ സംസ്ഥാനത്ത് 45,000 ഡിജിറ്റല്‍ ക്ലാസ് മുറികളാണ് സജ്ജമാക്കിയത്. ലോക വിജ്ഞാനത്തിന്റെ വാതില്‍ കേരളത്തിലെ പാവപ്പെട്ടവരുടെ കുട്ടികള്‍ക്ക് മുന്നില്‍ തുറന്നിടാന്‍ ഇതു കൊണ്ടായി. കേരളത്തില്‍ പിണറായി സര്‍ക്കാര്‍ തുടരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

കെ.ദാസന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മന്ത്രി ടി.പി.രാമകൃഷ്ണന്‍ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. പി.സതീദേവി, കെ.പി.രാജേന്ദ്രന്‍, കെ.പി.മോഹനന്‍, സി.കെ.നാണു, കെ.ലോഹ്യ, പി.മോഹനന്‍, പി.വിശ്വന്‍,ഇ.കെ.അജിത്ത്, കെ.കെ.മുഹമ്മദ്, എ.ജെ.ജോസ്, ബാബു ഗോപിനാഥ്, കാസിം ഇരിക്കൂര്‍, പി.കെ. രാജന്‍, പി.ടി.ജോസ്, ബിനോയ് ജോസഫ് സ്‌കറിയ, ജോസ് ചെമ്പേരി, കൊയിലാണ്ടി നഗരസഭാധ്യക്ഷ സുധ.കെ.പി എന്നിവര്‍ സംസാരിച്ചു.