കോരപ്പുഴപ്പാലം കേളപ്പജിയുടെ പേരിൽ അറിയപ്പെടും; നാടിന്റെ ആവശ്യം സർക്കാർ അംഗീകരിച്ചു


കൊയിലാണ്ടി: പുതുക്കിപ്പണിത കോരപ്പുഴ പാലത്തിന് സ്വാതന്ത്ര്യ സമര സേനാനി കെ. കേളപ്പന്റെ പേരു നൽകുമെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. പാലം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് പാലത്തിന് കേളപ്പജിയുടെ പേരു നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. പേര് നൽകാൻ ചീഫ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും, റിപ്പോർട്ട് വന്നാലുടൻ കേളപ്പജിയുടെ പേര് പാലത്തിൽ അനാഛാദനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

1937 മേയിൽ മലബാർ ഡിസ്ട്രിക്ട്‌ ബോർഡ് പ്രസിഡൻറായി കേളപ്പജി ചുമതലയേറ്റശേഷമാണ് പഴയപാലം നിർമ്മിച്ചത്. വടക്കൻ ഭാഗത്തുനിന്നുള്ള ആളുകളുടെ ചങ്ങാടം കടന്നുള്ള യാത്രാദുരിതം മനസ്സിലാക്കിയാണ് കേളപ്പജി അന്ന്‌ പാലം നിർമാണത്തിന് മുൻകൈയെടുത്തത്‌.

മദ്രാസിലെ കാനൻ ഡങ്കർലി കമ്പനിയാണ് കരാറെടുത്ത് 1938ൽ പ്രവൃത്തി ആരംഭിച്ച് 1940ൽ പണി പൂർത്തിയാക്കുകയും ചെയ്തു. 2,84,000 രൂപയായിരുന്നു അന്ന് നിർമ്മാണ ചെലവ്. 80-ലേറെ വർഷം കാര്യമായ ബലക്ഷയമില്ലാതെ നിലനിന്ന പാലം 2018 ലാണ് പൊളിച്ച് പുതിയ പാലത്തിന്റെ നിർമ്മാണ നടപടികൾ ആരംഭിച്ചത്.