ചരിത്ര മുഹൂർത്തത്തിനൊരുങ്ങി കോരപ്പുഴ, ബൈജു എംപീസ് പകർത്തിയ പാലത്തിന്റെ സുന്ദര ആകാശ ദൃശ്യങ്ങൾ കാണാം


കൊയിലാണ്ടി: ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി കോരപ്പുഴ. വടക്കേ മലബാറിലെ റോഡ് ഗതാഗത ചരിത്രത്തിലെ തിളക്കമാർന്ന ഏടായി മാറുകയാണ് കോരപ്പുഴ പാലം. നിർമാണം പൂർത്തിയായ പുതിയ പാലം നാളെ വൈകീട്ട് 5-ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ തുറന്നുകൊടുക്കും. മന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷനാവും. കെ.ദാസൻ എം.എൽ.എ മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

5.5 മീറ്റർ വീതിയിലുള്ള പഴയപാലം പൊളിച്ചാണ് ഇരുകരയിലും പുഴയിലുമായി എട്ട് തൂണുകളിൽ പുതിയ പാലം പണിതത്. 12 മീറ്റർ വീതിയും 32 മീറ്റർ നീളവുമാണ് പാലത്തിനുള്ളത്. 7.5 മീറ്റർ റോഡും ഒന്നരമീറ്റർ വീതിയിൽ ഇരുവശങ്ങളിലായി നടപ്പാതയും നിർമിച്ചു. കിഫ്ബി ഫണ്ടിൽ നിന്ന് 26 കോടി രൂപ ചിലവഴിച്ചാണ് പാലം നിർമ്മിച്ചത്.

1937 മേയിൽ മലബാർ ഡിസ്ട്രിക്ട്‌ ബോർഡ് പ്രസിഡൻറായി കേളപ്പജി ചുമതലയേറ്റശേഷം നിർമിച്ച പഴയപാലം 2018 ഡിസംബറിലാണ് പൊളിച്ചുമാറ്റിയത്. മേയ് ആദ്യമാണ് പുനർനിർമാണം ആരംഭിച്ചത്. ചെന്നൈപ്രളയവും കോവിഡും തീർത്ത തടസ്സങ്ങളെ കൂടുതൽ തൊഴിൽദിനങ്ങളിലൂടെ മറികടന്നാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റി പുതിയ പാലത്തിന്റെ പ്രവൃത്തി പൂർത്തീകരിച്ചത്.

കൊയിലാണ്ടിയിലെ സീനിയർ ഫോട്ടോഗ്രാഫർ ബൈജു എംപീസ് ക്യാമറയിൽ പകർത്തിയ ആകാശ ദൃശ്യങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധേയമായി.