ജനവാസ കേന്ദ്രത്തിൽ മാലിന്യ സംഭരണ കേന്ദ്രം; കോൺഗ്രസ് ധർണ നടത്തി


അരിക്കുളം: അരിക്കുളത്തിന്റെ ഹൃദയഭാഗത്ത് പൊതു ഇടം നഷ്ടപ്പെടുത്തി മാലിന്യ സംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ മേഖലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി വി.പി.ഭാസ്ക്കരൻ ധർണ ഉദ്ഘാടനം ചെയ്തു.

വർഷങ്ങളായി കലാ സാംസ്കാരിക പരിപാടികൾക്കായും കായിക വിനോദ പരിപാടികൾക്കായും ജനം ഒത്തുകൂടുന്ന സ്ഥലത്ത് യാതൊരു കാരണവശാലും കേന്ദ്രം ആരംഭിക്കാൻ അനുവദിക്കില്ലെന്നും പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെങ്ങും വി.പി.ഭാസ്കരൻ പറഞ്ഞു.

മാലിന്യ സംഭരണ കേന്ദ്രത്തോടൊപ്പം വയോജന കേന്ദ്രവും വഴിയോര വിശ്രമകേന്ദ്രവും ആരംഭിക്കാനുള്ള വിചിത്രമായ തീരുമാനം പ്രതിഷേധാർഹമാണ്. ജനങ്ങൾ ഒപ്പു ശേഖരണം നടത്തിയതിനെ തുടർന്ന് പ്രത്യേക ഗ്രാമസഭ വിളിച്ചു ചേർക്കുകയും കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.

മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ എം.ജി.മാവട്ട് ആധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടി പി.കുട്ടിക്കൃഷ്ണൻ നായർ, ലതേഷ് പുതിയേടത്ത്, രാമചന്ദ്രൻ നീലാംബരി, അനിൽകുമാർ അരിക്കുളം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദുപറമ്പടി, ശ്യാമള ഇടപ്പള്ളി, രാമചന്ദ്രൻ ചിത്തിര, പി.ശശീന്ദ്രൻ, തങ്കമണി ദീപായം, പി.എം.രാധ, പി.എം.ശിവദാസ്, ബാലൻ കൈലാസ്, ശ്രീധരൻ കണ്ണമ്പത്ത് എന്നിവർ സംസാരിച്ചു.