ജാഗ്രതക്കുറവ് അപകടകരം; മാസ്‌ക്ക് താടിയില്‍ ധരിച്ച് നടത്തം ഗ്രാമീണ മേഖലയില്‍ പതിവ് കാഴ്ച


കൊയിലാണ്ടി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക്ക് ധരിക്കല്‍ നാട്ടിന്‍പുറങ്ങളില്‍ വഴിപാടാകുന്നു. നാട്ടിന്‍ പുറങ്ങളില്‍ ഗ്രാമീണരായ മിക്കവരും മാസ്‌ക്ക് കൃത്യമായി ധരിക്കുന്നില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. പലരും മൂക്കും വായും മാസ്‌ക്ക് കൊണ്ട് മറയ്ക്കുന്നതിന് പകരം താടിയാണ് മറയ്ക്കുന്നത്. താടിയില്‍ മാസ്‌ക്ക് ധരിച്ചു കൊണ്ടുളള കാഴ്ച നാട്ടിന്‍ പുറങ്ങളില്‍ സര്‍വ്വ സാധാരണമാണ്.

ഇങ്ങനെ മൂക്കും വായും മറയ്ക്കാതെ താടിയില്‍ മാസ്‌ക്ക് ധരിച്ചാണ് തൊഴിലിടങ്ങളില്‍ പോലും ആളുകള്‍ കൂട്ടമായി പണിയെടുക്കുന്നത്. ദീര്‍ഘനേരം മാസ്‌ക്ക് ധരിച്ചാല്‍ ശ്വാസം മുട്ടല്‍ പോലുളള അസ്വസ്ഥതകള്‍ ഉണ്ടാവുമെന്ന കാരണത്താലാണ് താടിയിലേക്ക് മാസ്‌ക്ക് താഴ്ത്തിയിടുന്നത്. ഇതു കൊണ്ട് തന്നെ മാസ്‌ക്ക് ധാരണം പ്രയോജനമാകുന്നില്ല.

ഗ്രാമ പ്രദേശങ്ങളില്‍ ഒന്നിച്ചിന്നുളള മദ്യപാനം, ശീട്ടുകളി ഇതെല്ലാം കോവിഡ് വ്യാപന സാധ്യതയുണ്ടാക്കുന്നതാണ്. ഒരാള്‍ ഉപയോഗിച്ച ഗ്ലാസാണ് മദ്യപാനത്തിനായി പലരും ഉപയോഗി്ക്കുന്നത്. ഒളിഞ്ഞും തെളിഞ്ഞു നാട്ടിന്‍ പുറങ്ങളില്‍ പലയിടത്തും പണം വെച്ച് ശീട്ടുകളിയുമുണ്ട്. ഇത്തരം സ്ഥലങ്ങളിലും ഒരു മുന്‍ കരുതലുമില്ലാതെയാണ് ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത്. പുഴയോരങ്ങള്‍ കേന്ദ്രീകരിച്ച് രാത്രി കാലങ്ങളില്‍ പണം വെച്ചുളള ശീട്ടുകളി നടക്കുന്നുണ്ട്. പല പ്രദേശങ്ങളില്‍ നിന്നും ഇരുചക്ര വാഹനങ്ങള്‍, കാര്‍ എന്നിവയിൽ എത്തിയാണ് ശീട്ടുകളിയില്‍ ഏര്‍പ്പെടുന്നത്. പോലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും വാര്‍ഡ് തല ആര്‍.ആര്‍.ടിമാരുടെയും ജാഗ്ര ഇക്കാര്യത്തില്‍ വേണം.

ചില പഞ്ചായത്തുകളില്‍ ഒ്‌ട്ടെറെ പേരെ പങ്കെടുപ്പിച്ചു കൊണ്ടുളള വിവാഹവും നടക്കുന്നുണ്ട്. വിവിഹം, സല്‍ക്കാരം, മരണം, പോലുളള ചടങ്ങുകളില്‍ ആളുകളെ പരിമിതപ്പെടുത്തണമെന്ന് ജില്ലാ ഭരണ കൂടം കര്‍ശനമായി നിര്‍ദ്ദേശം നല്‍കിയതാണ്. എന്നാല്‍ ഇക്കഴിഞ്ഞ ഞായറാഴ്ച പോലും നൂറില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്ത വിവാഹ ചടങ്ങുകള്‍ നടന്നിട്ടുണ്ടെന്നാണ് വിവരം. പല ദേശങ്ങളില്‍ നിന്നെത്തുന്നവരാണ് വിവാഹ ചടങ്ങുകലില്‍ പങ്കെടുക്കുക. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരെ ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കും. രോഗ വ്യാപനമുണ്ടായാല്‍ സ്ഥിതി അതീവ ഗുരുതരമാകും.

ഹോട്ടലുകളില്‍ തൊഴിലാളികള്‍ ഭക്ഷണം വിളമ്പുമ്പോഴും അതീവ ജാഗ്രത പുലര്‍ത്തണം. ഓട്ടോറിക്ഷകളില്‍ ഡ്രൈവറെയും യാത്രക്കാരെയും വേര്‍തിരിക്കുന്നതിന് മുമ്പ് ഗ്ലാസ് പേപ്പര്‍ തൂക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതും അപൂര്‍വ്വമാണ്.