ജില്ലയിലെ ഏറ്റവും വലിയ ലൈബ്രറി മുചുകുന്ന് കോളേജിൽ വരുന്നു


കൊയിലാണ്ടി: മുചുകുന്ന് എസ്.എ.ആർ.ബി.ടി.എം ഗവ.കോളേജിൽ ജില്ലയിലെ തന്നെ ഏറ്റവും വലിയ ലൈബ്രറി കോംപ്ലക്സ് & റിസർച്ച് സെന്റർ സ്ഥാപിക്കുന്നു. കേരള സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സെന്ററിന്റെ നിർമ്മാണം നടത്തുന്നത്. പുതിയ ലൈബ്രറി കോംപ്ലക്സ് & റിസർച് സെന്റർ ശിലാസ്ഥാപനം ഫെബ്രുവരി 16ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

അഞ്ചര കോടി രൂപയാണ് ലൈബ്രറികോംപ്ലക്സ് ആൻഡ് റിസർച് സെന്ററിന്റെ മതിപ്പ് ചെലവ്. ലൈബ്രറിയും കോളേജിൽ ഉടനെ ആരംഭിക്കാൻ പോകുന്ന ഗവേഷണ കേന്ദ്രങ്ങളും ഈ കെട്ടിടത്തിലാവും പ്രവർത്തിക്കുക. റെഫറൻസ് ലൈബ്രറി, റീഡിംഗ് സെന്റർ, കോൺഫറൻസ് ഹാൾ, ഡിജിറ്റൽ ലൈബ്രറി തുടങ്ങിയ എല്ലാ വിധ ആധുനിക ലൈബ്രറി സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രദേശവാസികൾക്കുൾപ്പെടെ വിവിധ മേഖലകളിൽ പരിശീലനം നൽകാനുള്ള കേന്ദ്രമായും ഭാവിയിൽ ലൈബ്രറി കോംപ്ലക്സിനെ പ്രയോജനപ്പെടുത്താനാവും. സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള കിറ്റ്കോയ്ക്കാണ് നിർമ്മാണമേൽനോട്ട ചുമതല. ഈ വർഷം ഡിസംബറിനു മുൻപേ കെട്ടിടം നിർമ്മിച്ചു കൈമാറുമെന്ന് കിറ്റ്കോ അറിയിച്ചു.

കോളേജിന്റെ ഭൗതിക സൗകര്യം മെച്ചപ്പെടുത്താൻ കെ.ദാസൻ എംഎൽഎ ചെയർമാനും ഡോ.സി.വി.ഷാജി കോർഡിനേറ്ററും ആയി പ്രവർത്തിക്കുന്ന സിഐഡിഎസി ന്റെ നേതൃത്വത്തിൽ ആണ് വികസന പദ്ധതികൾ നടപ്പിലാക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ടേർസ് സൊസൈറ്റിയാണ് സാങ്കേതിക സഹായം നൽകുന്നത്.