ഖത്തറിലെ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയത് പയ്യോളി സ്വദേശിയെന്ന് സൂചന


പയ്യോളി: ഖത്തറിലെ പ്രവാസി വ്യവസായിയും തൂണേരി മുടവന്തേരി സ്വദേശിയുമായ മേക്കരതാഴെകുനി എം.ടി.കെ.അഹമ്മദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിനു പിന്നിൽ പയ്യോളി സ്വദേശിയാണെന്ന് സൂചന. അഹമ്മദിന്റെ സ്ഥാപനത്തിൽ ഉയർന്ന തസ്തികയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ സ്ഥാപനത്തിൽ നടത്തിയ സാമ്പത്തിക തിരിമറികൾ പിടികൂടിയതിനെ തുടർന്ന് പിരിച്ചുവിട്ടിരുന്നു. തുടർന്ന് നാട്ടിലെത്തിയ ഇദ്ദേഹമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നാണ് ആരോപണം.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.20 ഓടെയാണ് സംഭവം. പള്ളിയില്‍ പോവുന്ന വഴിയിൽ സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി ബലമായി അഹമ്മദിനെ കാറില്‍ പിടിച്ചു കയറ്റുകയായിരുന്നു. പയ്യന്നൂർ, കാസർകോഡ് ഭാഗത്തുള്ള ക്വട്ടേഷൻ സംഘമാണ് അഹമ്മദിനെ തട്ടിക്കൊണ്ടു പോയതെന്നാണ് സൂചന. ഖത്തറിലുള്ള വ്യവസായിയുടെ സഹോദരന് പണം ആവശ്യപ്പെട്ട് ഇവർ അയക്കുന്ന ശബ്ദ സന്ദേശത്തിലെ സംസാര രീതിയിൽ ഇത് വ്യക്തമാണ്.

ഏതാണ്ട് ഒര് കോടി രൂപയാണ് മോചനത്തിനായി ഇവർ ആവശ്യപ്പെടുന്നത്. ഇന്നലെ ഖത്തർ സമയം രണ്ടു മണിക്ക് മുമ്പ് പണം നൽകിയില്ലെങ്കിൽ സഹോദരന്റെ വിരലുകൾ ഓരോന്നായി മുറിച്ചു മാറ്റുമെന്ന് അറിയിച്ചുകൊണ്ടുള്ള ശബ്ദ സന്ദേശവും ഇവർ അയച്ചിരുന്നു.

അതേസമയം, പ്രതികളെ പിടികൂടുന്നതിന് പോലീസ് സഹകരിക്കുന്നില്ലെന്ന് വ്യവസായിയുടെ ബന്ധുക്കളും നാട്ടുകാരും പറയുന്നു. പ്രതിയെന്ന് സംശയിക്കുന്ന പയ്യോളി സ്വദേശി നാട്ടിലുണ്ടായിട്ടും അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാൻ പോലും പോലീസ് ഇതുവരെ തയാറായിട്ടില്ല.

കഴിഞ്ഞ ദിവസം പോലീസ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയെങ്കിലും ആവശ്യപ്പെട്ട പണം നൽകി പ്രശ്നം ഒത്തുതീർക്കാനാണ് പോലീസ് ആവശ്യപ്പെട്ടതെന്നും വ്യവസായിയുടെ സുഹൃത്തുക്കൾ പറയുന്നു.
സംഭവം കഴിഞ്ഞു 24 മണിക്കൂർ പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താൻ പോലീസിന്റെ ഭാഗത്തു നിന്ന് കാര്യമായ നീക്കങ്ങളൊന്നും ഉണ്ടാവാത്തത് ദുരൂഹത വർധിപ്പിക്കുന്നു.

വാട്സ്ആപ് ഉൾപ്പെടെയുള്ള മൊബൈൽ കോളിംഗ് ആപ്പുകൾ വഴിയാണ് സംഘം വ്യവസായിയുടെ സഹോദരനുമായി നിരന്തരം ആശയ വിനിമയം നടത്തുന്നത്.സൈബർ സെൽ വഴി കൂടുതൽ അന്വേഷണം നടത്തി ഇവരുടെ ലൊക്കേഷൻ കണ്ടെത്താനുള്ള ശ്രമങ്ങളും പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാവുന്നില്ലെന്നാണ് ആക്ഷേപം.