നരിമഞ്ച ഗുഹകളും മനോഹര പ്രകൃതി ദൃശ്യവും സഞ്ചാരികൾക്ക് വിരുന്നൊരുക്കും; പേരാമ്പ്ര ചേർമല ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുന്നു


പേരാമ്പ്ര: പേരാമ്പ്ര ചേർമല ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുന്നു. ടൂറിസം വികസനത്തിന്റെ ആദ്യഘട്ടമായി പുരാവസ്തു വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ പഠനം തുടങ്ങി. ചേർമലയിൽ കാണപ്പെട്ട നരിമഞ്ച എന്ന ഗുഹകളിലും പരിസര പ്രദേശത്തുമാണ് പുരാവസ്തു വകുപ്പ് പഠനം തുടങ്ങിയത്.

നൂറ്റാണ്ടുകൾ പഴക്കമുള്ള ഗുഹയാണ് ചേർമലയിലുള്ളത്. പണ്ട് പഞ്ചപാണ്ഡവൻമ്മാർ താമസിക്കാൻ വേണ്ടി നിർമ്മിച്ചതാണ് ഈ ഗുഹ എന്ന ഐതിഹ്യം കൂടിയുണ്ട് ഇതിന്. ഈ പ്രദേശത്ത് എത്തപ്പെട്ട പാണ്ഡവൻമാർ കുളിക്കാൻ വേണ്ടി നിർമ്മിച്ചതാണ് അടുത്തുള്ള നരിക്കില്ലാപ്പുഴ എന്നും, ഈ പുഴ നിർമ്മിക്കുമ്പോൾ എടുത്ത മണ്ണ് കൂട്ടിയിട്ടാണ് ചേർമല ഉണ്ടായത് എന്നുമാണ് ഐതിഹ്യമായി പറയുന്നത്. നാരിക്കില്ലാ പുഴയാണ് പിന്നീട്‌ ലോപിച്ച് നരിക്കില്ലാപ്പുഴയായത് എന്നും പറയപ്പെടുന്നു.

കൂടാതെ ചേർമലയിൽ നിന്നുള്ള മനോഹരമായ കാഴ്ചകളും ടൂറിസം സാധ്യതകൾക്ക്‌ പിന്തുണയേകുന്നു. സൂര്യാ അസ്തമയം കാണാൻ നേരത്തെ തന്നെ ഇവിടെ നിരവധി പേർ വരാറുണ്ടായിരുന്നു. പക്ഷെ ടൂറിസം സാധ്യതകൾ ഉപായോഗപ്പെടുത്താൻ സാധിച്ചിരുന്നില്ല. എല്ലാ പഞ്ചായത്തിലും ഒരു ടൂറിസം കേന്ദ്രം വികസിപ്പിക്കാനുള്ള കേരള സർക്കാർ തീരുമാനവും ചേർമല ടൂറിസം വികസനത്തിന്റെ സാധ്യതകൾക്ക് ശക്തിപകരുന്നു.

പേരാമ്പ്ര എംഎൽഎ ടിപി രാമകൃഷ്ണനും ടൂറിസം പ്രൊമോഷൻ കൗൺസിലിംൽ മെമ്പർ എസ്.കെ സജീഷും ഇതിന് വേണ്ട ശക്തമായ ഇടപെടൽ നടത്തി കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പുരാവസ്തു വകുപ്പ് പഠനം തുടങ്ങിയത്. പേരാമ്പ്ര പഞ്ചായത്ത്‌ പ്രസിഡന്റ് വികെ പ്രമോദിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത്‌ ഭരണസമിതിയുടെ പിന്തുണയും പദ്ധതിക്ക്‌ ഉണ്ട്.

സാധ്യതകൾ ഉപയോഗപ്പെടുത്തിയാൽ വൈകാതെ വടകരയിലെ പയംകുറ്റിമലപോലെ പേരാമ്പ്ര ചേർമല കോഴിക്കോട് ടൂറിസം ഡെസ്റ്റിനേഷനകളുടെ ലിസ്റ്റിൽ ഇടം നേടും.