നിവരുമോ ഈ കൊടുംവളവ് റീ ബില്‍ഡ് കേരള പദ്ധതിയില്‍ പ്രതീക്ഷയർപ്പിച്ച് നാട്ടുകാർ


കൊയിലാണ്ടി: താമരശ്ശേരി -കൊയിലാണ്ടി സംസ്ഥാന പാതയിലെ കണയങ്കോട് കൊടുംവളവ് കാല്‍നടയാത്രക്കാര്‍ക്കും വാഹനമോടിക്കുന്നവര്‍ക്കും ഒരേ പോലെ പ്രയാസമുളളതാണ്. റോഡരികിലെ പാറക്കൂട്ടം നിറഞ്ഞ ചെറിയ കുന്ന് ഇടിച്ചു നിരത്തിയാല്‍ മാത്രമേ ഈ കൊടും വളവ് നിവരുകയുളളു.

എതിര്‍ ദിശയില്‍ നിന്ന് വാഹനങ്ങള്‍ വരുന്നത് കാണാന്‍ കഴിയാത്ത വിധമാണ് ഇവിടെ പാറക്കെട്ട് നിലനില്‍ക്കുന്നത്. ഇതു കാരണം നിരവധി അപകടങ്ങള്‍ ഇവിടെ ഉണ്ടായതായി പരിസരവാസികള്‍ പറയുന്നു. റോഡരികിലൂടെ നടന്നു പോകാന്‍ കഴിയാത്ത വിധം പൊന്തക്കാടുകളും നിറഞ്ഞു കിടപ്പാണ്. ഇതു കാരണം കാല്‍ നടയാത്രക്കാര്‍ ടാര്‍ ചെയ്ത ഭാഗത്ത് കൂടിയാണ് നടക്കുക. ഇത് അപകട സാധ്യത കൂട്ടുന്നു.

കണയങ്കോട് വളവ് വീതികൂട്ടി നിവര്‍ത്താന്‍ നേരത്തെ പി.ഡബ്ലു.ഡി പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിനായി ലാന്റ് അക്വിസിഷന്‍ വിഭാഗത്തെ കൊണ്ട് സര്‍വ്വെയും ചെയ്യിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് നടപടികളൊന്നും ഉണ്ടായില്ല. ഇപ്പോള്‍ റീബില്‍ഡ് കേരള പദ്ധതിയില്‍പ്പെടുത്തി കൊയിലാണ്ടി താമരശ്ശേരി മുക്കം അരീക്കോട് എടവണ്ണ സംസ്ഥാനപാത 222 കോടി രൂപ ചെലവില്‍ വികസിപ്പിക്കുവാന്‍ പദ്ധതി തയ്യാറായിട്ടുണ്ട്.

ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയുടെ ഭാഗമായ കൊയിലാണ്ടി മുതല്‍ എരഞ്ഞിമാവ് വരെയുള്ള 51.02 കി.മീറ്റര്‍ റോഡിന്റെ പുനര്‍നിര്‍മാണത്തിനാണ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായത്. മലപ്പുറം ജില്ലയുടെ ഭാഗമായ റീച്ച് നേരത്തേ 160 കോടി രൂപക്ക് ടെന്‍ഡര്‍ കഴിഞ്ഞ് പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചതാണ്.

കൊയിലാണ്ടി -പൂനൂര്‍, പൂനൂര്‍-ഓമശ്ശേരി, ഓമശ്ശേരി-എരഞ്ഞിമാവ് എന്നീ മൂന്ന് റീച്ചുകളുടെ നിര്‍മാണത്തിന് 222 കോടി രൂപയുടെ കരാറാണ് തിരുവനന്തപുരം ആസ്ഥാനമായ ശ്രീ ധന്യ കണ്‍സ്ട്രക്ഷന്‍സിന് ലഭിച്ചത്. ആവശ്യമായ വീതി ലഭ്യമായിടങ്ങളില്‍ 12 മീറ്റര്‍ കാര്യേജ് വേ രീതിയില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് റോഡിന്റെ പുനര്‍നിര്‍മാണം.

കലുങ്കുകള്‍, പാലങ്ങള്‍ എന്നിവയുടെ നിര്‍മാണവും മെയിന്റനന്‍സും, ഡ്രെയിനേജുകള്‍, ടൈല്‍ വിരിച്ച ഹാന്‍ഡ് റെയിലോടു കൂടിയ നടപ്പാതകള്‍, പ്രധാന ജംങ്ഷനുകളുടെ സൗന്ദര്യവത്കരണം, തെരുവുവിളക്കുകള്‍ തുടങ്ങി അത്യാധുനിക സംവിധാനത്തോടെയാണ് റോഡ് നവീകരിക്കുക.

ഇതോടൊപ്പം കണയങ്കോട് വളവും നിവര്‍ത്തിയാല്‍ ഇതുവഴിയുളള യാത്ര സുഖകരമാകും. ഇക്കാര്യം ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് പുരുഷന്‍ കടലുണ്ടി എം.എല്‍.എ പറഞ്ഞു.

കണയങ്കോട് പുഴയോര സൗന്ദര്യം ആസ്വദിക്കുവാന്‍ നിരവധി പേർ ഇവിടെ എത്തുന്നുണ്ട്. ഇവിടെ വാഹന പാര്‍ക്കിങ്ങിനും സൗകര്യം വേണം. രാമന്‍പുഴയും, കോരപ്പുഴയും, അകലാപ്പുഴയും സംഗമിക്കുന്ന സ്ഥലമാണിവിടം.