നേരിട്ട് പോകേണ്ട, ബാലുശേരി പഞ്ചായത്തിലും ഇനി സേവനങ്ങള്‍ ഓണ്‍ലൈനില്‍


ബാലുശേരി: സേവനങ്ങള്‍ ജനങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന ഐഎല്‍ജിഎംഎസ് സംവിധാനം ബാലുശേരിയിലും തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ഭരണനിര്‍വഹണ നടപടികളും സേവനങ്ങളും സുതാര്യവും സുഗമവുമാക്കി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനായി പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച ആപ്ലിക്കേഷനാണ് സംയോജിത പ്രാദേശിക ഭരണ മാനേജ്‌മെന്റ് സമ്പ്രദായം (ഐഎല്‍ജിഎംഎസ്).

പഞ്ചായത്തുകളുടെ സോഫ്റ്റ്വെയറില്‍ രജിസ്റ്റര്‍ ചെയ്ത ലോഗിനിലൂടെയും അക്ഷയ സെന്ററുകളിലൂടെയും 213 സേവനങ്ങള്‍ ലഭിക്കും. അപേക്ഷിക്കാനും ഓണ്‍ലൈന്‍ പേമെന്റ് നടത്താനും സൗകര്യമുണ്ട്. ഫ്രണ്ട് ഓഫീസില്‍ അപേക്ഷ നല്‍കുമ്പോള്‍തന്നെ അതു പരിശോധിച്ച് പൂര്‍ണമാണോ എന്നും അനുബന്ധ രേഖകളെല്ലാം ഉണ്ടോയെന്നും ഉറപ്പാക്കാനും സ്വീകരിക്കുന്ന അപേക്ഷ ഓണ്‍ലൈനായി പരിശോധിച്ച് സമയബന്ധിതമായി തീര്‍പ്പാക്കാനും സൗകര്യമുണ്ട്. അപേക്ഷകളുടെ പുരോഗതി പൊതുജനങ്ങള്‍ക്ക് ട്രാക്ക് ചെയ്യാനും സേവനം ഉറപ്പാക്കാനും സാധിക്കും.

കെട്ടിടത്തിന്റെ ഉടമസ്ഥത, ബിപിഎല്‍ ഉള്‍പ്പെടെ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷകള്‍, വസ്തു നികുതി ഒഴിവിനുള്ള അപേക്ഷ, വിവരാവകാശ അപേക്ഷ, ലൈസന്‍സ് ലഭിക്കാനും പുതുക്കാനുമുള്ള അപേക്ഷകള്‍ മുതല്‍ വികസനപദ്ധതി നിര്‍ദേശങ്ങള്‍ നല്‍കുന്നതിനു വരെയുള്ള സൗകര്യം ലഭിക്കും. അസിസ്റ്റന്റ് സെക്രട്ടറി ജയകൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷ കെ.ശ്രീജ എന്നിവര്‍ പങ്കെടുത്തു.

അപേക്ഷ നൽകാൻ

http://erp.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

 പേര്, ഫോൺ നമ്പർ, ആധാർ നമ്പർ, ജില്ല, തദ്ദേശസ്ഥാപനം തുടങ്ങിയ വിവരങ്ങൾ നൽകണം.

 അപേക്ഷയുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്ത മൊബൈലിൽ എസ്.എം.എസായി ലഭിക്കും.