പയ്യോളിയില്‍ ആശങ്കയുയര്‍ത്തി കൊവിഡ് മരണം; നഗരസഭയില്‍ ഇതുവരെ കൊവിഡ് കവര്‍ന്നത് 56 ജീവനുകള്‍, നോക്കാം വിശദമായി


പയ്യോളി: പയ്യോളിയില്‍ കൊവിഡ് കേസുകള്‍ നിയന്ത്രണാതീതമായി തുടരുന്നു. ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നിലവിലെ സാഹചര്യത്തില്‍ നഗരസഭയിലെ ഓരോ പൗരനും പരമാവധി നിയന്ത്രണവും സൂക്ഷ്മതയും പാലിക്കണമെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വടക്കയില്‍ ഷഫീഖ് ആവശ്യപ്പെട്ടു.

കൊവിഡ് കേസുകള്‍ കൂടുന്നതിനൊപ്പം നഗരസഭയില്‍ കൊവിഡ് മരണങ്ങളും വര്‍ദ്ധിക്കുന്നുണ്ട്. 2021 ജനവരി മാസത്തിനു ശേഷം മാത്രം ഇതുവരെ 48 പേര്‍ നഗരസഭാ പരിധിയില്‍ കോവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത അന്നുമുതല്‍ 2021 ജനുവരി വരെ ആറ് പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. അവിടെ നിന്നുമാണ് മരണ സംഖ്യ 48 ആയി ഉയര്‍ന്നത്.

കോവിഡ് ഒന്നാം തരംഗത്തില്‍ വളരെ കുറച്ച് കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന സ്ഥലമാണ് പയ്യോളി. 2020 ജൂണ്‍ നാലിനാണ് പയ്യോളിയില്‍ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 1161 പേര്‍ക്കാണ് ഒന്നാം തരംഗത്തില്‍ നഗരസഭയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ രണ്ടാം തരംഗത്തില്‍ ഇതുവരെ 3679 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. നഗരസഭയിലെ ടി പി ആര്‍ നിരക്ക് ഇപ്പോഴും ഉയന്ന് തന്നെ നില്‍ക്കയാണ്. നഗരസഭയില്‍ 310 പേര്‍ ഇപ്പോഴും പോസിറ്റീവ് ആയിട്ടുണ്ട്.

പയ്യോളിയില്‍ 4840 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ല രോഗം സ്ഥിരീകരിക്കുന്നവരില്‍ കൂടുതലും പ്രായം കുറഞ്ഞ യുവാക്കളിലാണെന്നും മുനിസിപ്പല്‍ ചെയര്‍മാന്‍ മുന്നറിയിപ്പ് നല്‍കി. ടെസ്റ്റ് ക്യാമ്പുകളില്‍ പരമാവധി ആളുകള്‍ പങ്കെടുത്ത് രോഗ ബാധ പരിശോധിച്ചറിയണം. ടൗണില്‍ കൂട്ടം കൂടുന്ന പ്രവണത ഒഴിവാക്കണം. ക്വാറന്റയില്‍ നിബന്ധനകള്‍ പാലിക്കണം എന്നും ചെയര്‍മാന്‍ പറഞ്ഞു.