പെരുവണ്ണൂമൂഴി ഡാമിന്റെ വൃഷ്ടി പ്രദേശത്തെ മണ്ണിടിച്ചിൽ തടയാനായി കയർ ഭൂവസ്ത്ര ഭിത്തി നിർമ്മാണം ആരംഭിച്ചു


പേരാമ്പ്ര: പെരുവണ്ണൂമൂഴി ഡാമിന്റെ വൃഷ്ടി പ്രദേശത്തെ മണ്ണിടിച്ചിൽ തടയാനായി കയർ ഭൂവസ്ത്ര ഭിത്തി നിർമ്മാണം ആരംഭിച്ചു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപെടുത്തിയാണ് കയർ ഭൂവസ്ത്രം ഉപയോഗിച്ച് സുരക്ഷാ ഭിത്തി നിർമ്മിക്കുന്നത്.

മണ്ണൊലിപ്പ് രൂക്ഷമായതിനെ തുടർന്ന് ഡാമിൽ വലിയ തോതിൽ മണ്ണ് നിറഞ്ഞ് ഡാമിൻ്റെ നിലനിൽപ്പിന് തന്നെ ഭീഷണി ആകുന്ന സാഹചര്യം ആണ് നിലനിൽക്കുന്നത്. ഇതിന് പരിഹാരമായാണ് കയർ ഭൂവസ്ത്ര ഭിത്തി നിർമ്മിക്കുന്നത്. പെരുവണ്ണാമൂഴി ഡാം വൃഷ്ടി പ്രദേശത്തെ 300 ഹെക്ടർ സ്ഥലത്ത് 14 കിലോമീറ്റർ ദൂരത്ത് ആണ് ഒരു കോടി രൂപയുടെ കയർ ഭൂവസ്ത്രം വിരിച്ചു മണ്ണൊലിപ്പ് തടയാൻ ഉള്ള പദ്ധതി ആണ് ആവിഷ്കരിച്ചത്.

ദിവസേന 300 തൊഴിലാളികളെ ഉപയോഗപ്പെടുത്തി 45 ദിവസം കൊണ്ടാണ് ഈ ബൃഹദ് പദ്ധതി പൂർത്തീകരിക്കാൻ ലക്ഷ്യമാക്കുന്നത്. നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ നിർവഹിച്ചു. സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷ ബിന്ദു വത്സൻ അധ്യക്ഷത വഹിച്ചു.