പേരാമ്പ്ര പ്ലാന്റേഷന്‍ എസ്റ്റേറ്റില്‍ പോത്തിനെ വന്യമൃഗം കൊന്നു; കടുവയെന്നു സംശയം


പേരാമ്പ്ര: പേരാമ്പ്ര പ്ലാന്റേഷന്‍ എസ്റ്റേറ്റില്‍ മേയാനായി കൊണ്ടുപോയ പോത്തിനെ വന്യമൃഗം കൊന്നു. വനഭൂമി പാട്ടത്തിനുകൊടുത്ത പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരളയുടെ സ്ഥലത്താണ് സംഭവം. കടുവയാണ് ആക്രമിച്ചതെന്നാണ് സംശയം. പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ തൊഴിലാളിയായ ബിനുവിന്റെ പോത്താണ് ആക്രമിക്കപ്പെട്ടത്.

മലബാര്‍ വന്യജീവി സ്ഥലത്തിന് തൊട്ടടുത്തുള്ള സ്ഥലമാണിത്. അതിനാല്‍ കടുവയാവാന്‍ സാധ്യതയുണ്ടെന്ന് പെരുവണ്ണാമൂഴി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പേരാമ്പ്ര ന്യൂസ് ഡോട്ട്‌കോമിനോടു പറഞ്ഞു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കന്നുകാലികളെ മേയാനായി വിടാന്‍ പാടില്ലാത്ത പ്രദേശമാണിത്. ഇവിടെ കാലികളെ മേയാന്‍ വിടുന്നവരില്‍ നിന്നും 2000 രൂപവരെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ പിഴ ഈടാക്കാറുണ്ട്. ഇത് കണക്കിലെടുക്കാതെയാണ് കാലികളെ മേയാന്‍ കൊണ്ടുവരുന്നതെന്നും ഇതിനെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നും ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.