പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം; അഖിലേന്ത്യ കരിദിനത്തില്‍ കൊയിലാണ്ടിയില്‍ പങ്കെടുത്തത് 1419 കുടുംബങ്ങള്‍


കൊയിലാണ്ടി: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് സംഘടിപ്പിച്ച കരിദിനത്തില്‍ കൊയിലാണ്ടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. കേരള കര്‍ഷകസംഘം കൊയിലാണ്ടി ഏരിയയില്‍ 13 മേഖലാ കമ്മറ്റിക്കൂ കീഴില്‍ 135 യൂണിറ്റുകളിലായി 1419 വീടുകളില്‍ കര്‍ഷകര്‍ കരിദിനത്തില്‍ പങ്കാളികളായി.

പോരാട്ടത്തില്‍ അണിചേര്‍ന്ന മുഴുവന്‍ രാജ്യ സ്നേഹികളേയും കൊയിലാണ്ടി ഏരിയാ കമ്മറ്റിക്കു വേണ്ടി അഭിവാദ്യം ചെയ്യുന്നുവെന്ന് കെ.ഷിജു പറഞ്ഞു.തുടക്കത്തില്‍ കര്‍ഷകരുടെ മാത്രം സമരമായിരുന്നെങ്കില്‍ ഇന്നത് ദേശസ്‌നേഹികളുടെ ഒന്നാകെയുള്ള നൊമ്പരമായി മാറിയിരിക്കുന്നു.

കര്‍ഷക ദ്രോഹ നയങ്ങള്‍ തുടരുമ്പോഴും ലക്ഷദ്വീപിനെ തകര്‍ക്കാനുള്ള വ്യഗ്രത ആരിലും അസ്വസ്ഥത ഉണ്ടാക്കും. കോവിഡ് എന്ന വൈറസില്‍ നിന്ന് ജനതയെ രക്ഷിക്കുന്നതില്‍ പരാജിതമായി ഫാസിസ്റ്റ് ഗവണ്‍മെന്റ് . കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഡിവൈഎഫ്‌ഐ യും എസ്എഫ്‌ഐയും മഹിളാ അസോസിയേഷനും കരിദിനത്തില്‍ പങ്കെടുത്തു.

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നടപടിക്കെതിരെ പ്രതിഷേധിക്കുക, ജനവിരുദ്ധ കര്‍ഷക നടപടികള്‍ പിന്‍വലിക്കുക, തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ റദ്ദാക്കുക, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുക, കോവിഡ് ചികിത്സ എല്ലാവര്‍ക്കും സൗജന്യമായി നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.