മേപ്പയ്യൂര്‍ സ്വദേശി മുഹമ്മദ് യാസിന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകു വിരിഞ്ഞു; ആബ്‌സന്റെന്ന് രേഖപ്പെടുത്തിയ എസ് എസ് എല്‍ സി പരീക്ഷ ഫലം പുനപ്രസിദ്ധീകരിച്ചു


മേപ്പയൂര്‍: മേപ്പയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മുഹമ്മദ് യാസിന്റെ എസ് എസ് എല്‍ സി ഫലം പ്രസിദ്ധീകരിച്ചു. യാനിസ് എഴുതിയ ഇംഗ്ലീഷ് പരീക്ഷയുടെ ഫലമാണ് ഇന്ന് പ്രസിദ്ധീകരിച്ചത്. ഇതോടെ യാസിന് തുടര്‍ പഠനം സാധ്യമാകും.

അധ്യാപകരുടെ അശ്രദ്ധകാരണം എസ് എസ് എല്‍ സി ഫലം വന്നപ്പോള്‍ യാസിന്‍ ഒരു വിഷയത്തിന് ഹാജര്‍ ഇല്ലെന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇംഗ്ലീഷ് പരീക്ഷയുടെ ഫലത്തിലാണ് മുഹമ്മദ് യാസിന് ആബസന്റെന്ന് രേഖപ്പെടുത്തിയത്. എന്നാല്‍ മാര്‍ച്ച് 21 ന് നടന്ന ഇംഗ്ലീഷ് പരീക്ഷ യാസിന്‍ എഴുതിയിരുന്നു. ഇതേ തുടര്‍ന്ന് വിദ്യഭ്യാസ മന്ത്രിക്കും, പരീക്ഷ ഭവനും ഇവര്‍ പരാതി നല്‍കിയിരുന്നു.

ഇംഗ്ലിഷ് പരീക്ഷയുടെ ദിവസം അധ്യാപകരുടെ അശ്രദ്ധ മൂലം ഏറെ പ്രശ്നങ്ങളുണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയ്ക്ക് യാസിന്‍ എത്തിയിട്ടില്ലെന്ന് അധ്യാപകര്‍ 2 മണിയോടെ രക്ഷിതാവിനെ അറിയിച്ചു. രക്ഷിതാവ് സ്‌കൂളിലെത്തി പരീക്ഷ എഴുതുന്ന ക്ലാസും റജിസ്റ്റര്‍ നമ്പറും കുട്ടിയുടെ ഫോട്ടോയും കാണിച്ചിരുന്നെങ്കിലും അധ്യാപകര്‍ കുട്ടി എത്തിയിട്ടില്ല എന്ന മറുപടിയാണ് നല്‍കിയത്.