വടകരയിൽ രണ്ട് കടകളിൽ മോഷണം; മൊബൈൽ ഫോണുകളും പണവും നഷ്ടപ്പെട്ടു


വടകര: ലിങ്ക് റോഡ് പരിസരത്തെ ഒരു മൊബൈൽ ഫോൺ കടയിലും ഗൾഫ് ബസാറിലും കവർച്ച. മൊബൈൽ ഫോണുകളും വാച്ചുകളും പണവും ഉൾപ്പെടെയുള്ളവ കവർന്നു. സിറ്റി ടവറിലെ സെൽ വേൾഡ്, കോട്ടക്കൽ ഗൾഫ് ബസാർ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം രാത്രി വലിയ മോഷണം നടന്നത്. ചൊവ്വാഴ്ച രാവിലെയാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്.

രണ്ട് കടകളുടെയും ഷട്ടറുകൾ വളച്ച തകർത്താണ് മോഷ്ടാക്കൾ ഉള്ളിൽ കയറിയത്. പഴങ്കാവ് സ്വദേശി മുഹമ്മദ് അനസിന്റെ ഉടമസ്ഥതയിലുള്ള സെൽ വേൾഡിൽ ഷെൽഫിൽ സൂക്ഷിച്ച 14,500 രൂപയും 12 പുതിയ ഫോണുകളും സർവീസിന് വാങ്ങിയ ഒമ്പത് സ്മാർട്ട് ഫോണുകളും മോഷണം പോയി. കൂടാതെ ഇയർഫോൺ, പവർ ബാങ്ക്, ബ്ലൂടൂത്ത് സ്പീക്കർ, ഹെഡ് ഫോൺ തുടങ്ങിയ അനുബന്ധ ഉപകരണങ്ങളും നഷ്ടപ്പെട്ടു. ഷെൽഫുൾപ്പെടെ തകർത്ത നിലയിലാണ്.

കോട്ടക്കൽ ഗൾഫ് ബസാറിൽനിന്ന് 25-ഓളം സെക്കൻഡ് ഹാൻഡ് ഫോണുകൾ, നാല് പുതിയ ഫോൺ, 40 വാച്ച്, കോസ്‌മെറ്റിക് ഉത്‌പന്നങ്ങൾ, 4000 രൂപ എന്നിവ കവർന്നു. പയ്യോളി ആവിത്താരേമ്മൽ മുൻസീറിന്റേതാണ് കട. സംഭവമറിഞ്ഞ് ഡിവൈ.എസ്.പി. മൂസ വള്ളിക്കാടൻ, സി.ഐ. കെ.എസ്. സുശാന്ത് തുടങ്ങിയവർ കട സന്ദർശിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിരലടയാള വിദഗ്ധർ, ഡോഗ് സ്‌ക്വാഡ് എന്നിവ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.