വീടെന്ന സ്വപ്‌നം ബാക്കിയാക്കി രാജീവന്‍ യാത്രയായി


ചേമഞ്ചേരി : സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം ബാക്കിയാക്കി വെങ്ങളം കളങ്കോട്ട് കുനി രാജീവന്‍ യാത്രയായി. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലുള്‍പ്പെട്ട രാജീവനും ഭാര്യയും പഞ്ചായത്തിന്റെ ഭവനനിര്‍മാണ പദ്ധതിയില്‍ വീട് ലഭിക്കുമെന്ന അധികൃതരുടെ വാക്കില്‍ വിശ്വസിച്ച് താമസിച്ചിരുന്ന കട്ടപ്പുര പൊളിച്ചു മാറ്റിയിരുന്നു. ആറുവര്‍ഷംമുമ്പാണ് ഇടിഞ്ഞു വീഴാനായ വീട് ഇവര്‍ പൊളിച്ചുമാറ്റിയത്. തുടര്‍ന്ന് ടാര്‍പൊളിന്‍കൊണ്ടു കെട്ടിയുണ്ടാക്കിയ ഒരു കൂരയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്.

ഭവനനിര്‍മാണ പദ്ധതിയില്‍ തങ്ങളെ ഉള്‍പ്പെടുത്തണം എന്നാശ്യപ്പെട്ടുകൊണ്ട് നിരവധി തവണ ഇവര്‍ അധീകൃതരെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. കഴിഞ്ഞ വര്‍ഷത്തെ ലിസ്റ്റിലും ഇവരെ ഉള്‍പ്പെടുത്താന്‍ അധികൃതര്‍ തയ്യാറായില്ല. ഇതിനിടയിലാണ് ഇക്കഴിഞ്ഞ 12-ന് 51 വയസ്സുള്ള ഹോട്ടല്‍ തൊഴിലാളിയായ രാജീവന്‍ മരിച്ചത്.

കുടുംബത്തിന് ആകെയുള്ള നാല് സെന്റില്‍ മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ സഹോദിയുടെ സ്ഥലത്താണ് ശവസംസ്‌കാരം നടത്തിയത്. രാജീവനും ജയശ്രീക്കും മക്കളില്ല. ഭര്‍ത്താവ് മരിച്ച് ഒറ്റപ്പെട്ട ജയശ്രീ രാജീവന്റെ സഹോദരി ശാന്തയുടെ വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. അടച്ചുറപ്പില്ലാത്ത കൂരയില്‍ ഒറ്റയ്ക്ക് കഴിയാന്‍ പ്രയാസമായതിനാല്‍ ജയശ്രീയെ ശാന്ത വീട്ടിലേക്ക് കൂട്ടുകയായിരുന്നു.

പഞ്ചായത്തിന്റെ ഭവനനിര്‍മാണ പദ്ധതിയില്‍ ജയശ്രീയെ ഉള്‍പ്പെടുത്തി വീട് നിര്‍മിക്കാന്‍ സഹായം നല്‍കണമെന്നാണ് ഇവരുടെയും കുടുംബാംഗങ്ങളുടെയും ആവശ്യം. ജയശ്രീയുടെ പേര് പഞ്ചായത്തിന്റെ പുതിയ ഭവനനിര്‍മാണ പദ്ധതി ലീസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അറിയാന്‍ സാധിച്ചതെന്ന് പതിനഞ്ചാം വാര്‍ഡ് അംഗം എം.കെ. മമ്മദ് കോയ പറഞ്ഞു. ജയശ്രീക്ക വീട് നിര്‍മിച്ചുകൊടുക്കാന്‍ എല്ലാ സഹായവും ചെയ്യുംമെന്നും അദ്ദേഹം പറഞ്ഞു.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക