ഹൈവേ ജംഗ്ഷനിൽ ഇൻറർലോക്ക് ടൈൽ പതിക്കുന്നു; കൊയിലാണ്ടി നഗരത്തിൽ ഗതാഗത നിയന്ത്രണം


കൊയിലാണ്ടി: ദേശീയപാത 66 ൽ കൊയിലാണ്ടി ജങ്‌ഷൻ ഇന്റർലോക്ക് ടൈൽ പതിക്കുന്ന പ്രവൃത്തി ആരംഭിച്ചു. ജോലിതീരുന്നതുവരെ കോഴിക്കോട്ടു നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ വഴിതിരിച്ചുവിടുമെന്ന് ദേശീയപാതാ വിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.

ഇവ പൂളാടിക്കുന്നിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് അത്തോളി, ഉള്ളിയേരി, പേരാമ്പ്ര, പയ്യോളിവഴി പോകണം. ചെറിയ വാഹനങ്ങൾ കൊയിലാണ്ടി ബസ്‌സ്റ്റാൻഡ്‌ വഴി പെരുവട്ടൂർ, അരീക്കൽതാഴെ, വിയൂർ കൊല്ലം വഴി പോകണം.

നഗരത്തിലെ ഡ്രൈനേജ് പുതുക്കി പണിയുന്നതിന്റെ ഭാഗമായി വലിയ ഗതാഗത കുരുക്കാണ് ദിവസവും കൊയിലാണ്ടിയിൽ അനുഭവപ്പെടുന്നത്. എട്ട് മാസം മുൻപ് ആരംഭിച്ച ഓവുചാലുകളുടെ പുനർനിർമ്മാണം ഇപ്പോഴും പൂർത്തീകരിച്ചിട്ടില്ല. മണ്ണും, കല്ലും റോഡിന്റെ വശങ്ങളിൽ കൂട്ടിയിട്ടതിനാലുള്ള ഗതാഗത സ്തംഭനവും, പൊടിശല്യവും രൂക്ഷമാണ്.

കൊയിലാണ്ടി എൻ.എച്ച് ജംഗ്ഷൻ ഇൻറർലോക്ക് ടൈൽ വിരിക്കുന്ന പ്രവൃത്തികൂടി ആരംഭിക്കുന്നതോടെ നഗരം അക്ഷരാത്ഥത്തിൽ നിശ്ചലമാവുന്ന അവസ്ഥയിലാവും. പ്രവൃത്തികൾ രാത്രി കാലങ്ങളിൽ നടത്തി പകൽ സമയത്ത് ഗതാഗത സൗകര്യം ഉറപ്പുവരുത്തുമെന്ന് പി.ഡബ്ലിയു.ഡി (എൻ.എച്ച്) അസിസ്റ്റന്റ് എക്സിക്യുട്ടീവ് ഇൻജിനീയർ മുഹമ്മദലി പറഞ്ഞു. രണ്ട് ഭാഗമായിട്ടാണ് പ്രവൃത്തി നടത്തുകയെന്നും ഒരു ഭാഗത്ത് പ്രവൃത്തി നടക്കുമ്പോൾ മറുവശത്തുകൂടി വാഹനം കടന്നു പോകാൻ സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. 2.90 ലക്ഷം രൂപയാണ് നിർമ്മാണ ചിലവ്. കൂടുതൽ തൊഴിലാളികളെ ഉൾപ്പെടുത്തി പെട്ടന്ന് പണി പൂർത്തീകരിക്കാൻ അധികാരികളുടെ ഇടപെടൽ വേണമെന്ന് നാട്ടുകാരും, കച്ചവടക്കാരും ആവശ്യപ്പെടുന്നു. ഗതാഗത നിയന്ത്രണത്തിന് കൂടുതൽ പോലീസുകാരെയും നിയമിക്കേണ്ടതുണ്ട്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക