‘മിനി അദാനിമാര്‍ സംസ്ഥാന ഖജനാവ് കൊള്ളയടിക്കുന്നു’: അരിക്കുളത്ത് എ.കെ കൃഷ്ണന്‍ മാസ്റ്റര്‍ 29ാം ചരമവാര്‍ഷികാചരണം സംഘടിപ്പിച്ചു


അരിക്കുളം: ബന്ധുക്കള്‍ തട്ടിക്കൂട്ടുന്ന കടലാസ് കമ്പനികള്‍ക്കും കോര്‍പറേറ്റ് സഹകരണ സംഘങ്ങള്‍ക്കും മുഖ്യമന്ത്രി കോടികള്‍ മറിച്ചു നല്‍കുകയാണെന്നും മിനി അദാനിമാര്‍ സംസ്ഥാന ഖജനാവ് കൊള്ളയടിക്കുകയാണെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്. സ്വാതന്ത്ര്യ സമരസേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എ കെ കൃഷ്ണന്‍ മാസ്റ്ററുടെ 29ാം ചരമവാര്‍ഷികാചരണം ഊരള്ളൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മോദിയുടെ ഫാസിസ്റ്റു ഭരണകൂടത്തിന് കീഴിലുള്ള കോടതി വിധികള്‍ ആശങ്കയുണ്ടാക്കുന്നതാണ്. ഭരണകൂട കൊള്ളക്കെതിരെ ചോദ്യങ്ങള്‍ ഉന്നയിച്ച രാഹുല്‍ ഗാന്ധിയെ കള്ളക്കേസുണ്ടാക്കി തുറുങ്കിലടക്കാന്‍ മോദി ശ്രമിക്കുന്നു. വിവരാവകാശ നിയമപ്രകാരം പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത ചോദിച്ചതിന് 25000 രൂപ പിഴ വിധിച്ച കോടതി വിധി നീതിന്യായ വ്യവസ്ഥയ്ക്കും ഭരണഘടനാ മൂല്യങ്ങള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നു.

ചരിത്രത്തില്‍ അപനിര്‍മിതി നടക്കുന്ന കാലഘട്ടത്തില്‍ എ.കെ കൃഷ്ണന്‍ മാസ്റ്ററുടെ സ്മരണകള്‍ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് കരുത്തുപകരുമെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ സത്യന്‍ തലയഞ്ചേരി അധ്യക്ഷത വഹിച്ചു.

മുനീര്‍ എരവത്ത്, ഇ അശോകന്‍, വി ബി രാജേഷ് ചെറുവണ്ണൂര്‍, കെ പി വേണുഗോപാലന്‍, അരി ക്കുളം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ശശി ഊട്ടേരി, സ്വാഗത സംഘം കണ്‍വീനര്‍ സുമേഷ് സുധര്‍മന്‍, ടി ടി ശങ്കരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി രാവിലെ പുഷ്പാര്‍ച്ചനയും സ്മൃതി സംഗമവും സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഫാസിസത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ മതനിരപേക്ഷതയുടെയും മനുഷ്യസ്‌നേഹത്തിന്റെയും പ്രതീകമായ എ.കെ കൃഷ്ണന്‍ മാസ്റ്ററുടെ ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും പിന്തുടരണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ശശി ഊട്ടേരി അധ്യക്ഷത വഹിച്ചു.

കെ പി രാമചന്ദ്രന്‍, സി സുകുമാരന്‍, കെ കെ നാരായണന്‍, കോട്ടില്‍ ഇമ്പിച്ച്യാമ്മദ്, ശ്രീധരന്‍ കുയ്യേല്‍ ഖണ്ഡി, എന്‍ പി ഉണ്ണി നായര്‍, ചിത്ര സി പുത്തൂര്‍, രാജേഷ് കീഴരിയൂര്‍, എം പ്രകാശന്‍, കെ ജാനകി ഇ കെ ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.