മീന്‍കച്ചവടത്തിന്റെ മറവില്‍ എം.ഡി.എം.എ വില്‍പ്പന; താമരശ്ശേരി സ്വദേശിയായ യുവാവ് പിടിയില്‍


താമരശ്ശേരി: വില്‍പ്പനയ്ക്കായ് എത്തിച്ച എം.ഡി.എം.എ.യുമായി യുവാവ് പോലീസിന്റെ പിടിയില്‍. പുതുപ്പാടി കക്കാട് ചേലോട്ടില്‍ വടക്കേപറമ്പില്‍ ആഷിഫ് (24)ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും 12.45 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ അമ്പായത്തോടുവെച്ചാണ് പ്രതി പിടിയിലായത്. താമരശ്ശേരി പോലീസും സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. യുവാവ് സഞ്ചരിച്ച കാറും പോലീസ് സംഘം കസ്റ്റഡിയിലെടുത്തു.

ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍നിന്ന് ഗ്രാമിന് 1500 രൂപയ്ക്ക് വാങ്ങുന്ന എം.ഡി.എം.എ, അയ്യായിരം രൂപയ്ക്ക് വരെ കോഴിക്കോട്, വയനാട് ജില്ലകളിലായി വില്‍പ്പന നടത്തുന്നതാണ് പ്രതിയുടെ രീതിയെന്ന് പോലീസ് അറിയിച്ചു. കോഴിക്കോട് കൊണ്ടോട്ടി എന്നിവിടങ്ങളില്‍ നിന്നും മത്സ്യം എടുത്ത് വയനാടില്‍ വില്പന നടത്തുന്നതിന്റെ മറവിലാണ് മയക്കു മരുന്ന് വില്‍പ്പനയും.

താമരശ്ശേരി ഡിവൈ.എസ്.പി. അഷ്റഫ് തെങ്ങിലക്കണ്ടിയിലിന്റെയും നര്‍ക്കോട്ടിക് ഡിവൈ.എസ്.പി. കെ.എസ് ഷാജിയുടെയും മേല്‍നോട്ടത്തില്‍ താമരശ്ശേരി എസ്.ഐ. കെ.എസ് ജിതേഷ്, സ്പെഷ്യല്‍ സ്‌ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, ബിജു പൂക്കോട്ട്, എസ്.സി.പി.ഒ. എന്‍.എം ജയരാജന്‍, പി.പി ജിനീഷ്, എ.എസ്.ഐ. ടി സജീവ്, എസ്.സി.പി.ഒ. ഷിനോജ്, എം മുജീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ താമരശ്ശേരി ജെ.എഫ്. സി.എം കോടതി റിമാന്‍ഡ് ചെയ്തു.

summary: Thamarassery native arrested with MDMA