തൊട്ടില്‍പാലം, മരുതോങ്കര തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്ക് യാത്ര എളുപ്പമാവും; തോട്ടത്താങ്കണ്ടി പാലം നിര്‍മ്മാണ പ്രവൃത്തികള്‍ അന്തിമ ഘട്ടത്തിലേക്ക്


ചങ്ങരോത്ത്: ചങ്ങരോത്ത്, മരുതോങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തോട്ടത്താങ്കണ്ടി താഴെ പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ അന്തിമ ഘട്ടത്തില്‍. കുറ്റ്യാടി പുഴയ്ക്ക് കുറുകെ സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റില്‍ ഉള്‍പ്പെടുത്തി 9.20 കോടി ചെലവിലാണ് പാലം നിര്‍മ്മിക്കുന്നത്. രണ്ട് പഞ്ചായത്തുകള്‍ക്ക് പുറമേ പേരാമ്പ്ര, നാദാപുരം മണ്ഡലങ്ങളെയും ബന്ധിപ്പിക്കുന്നതാണ് പാലം.

അഞ്ച് സ്പാനുകളിലായി ഇരുവശത്തും നടപ്പാതയുള്‍പ്പെടെയാണ് പാലത്തിന്റെ നിര്‍മ്മാണം. 117 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മ്മിച്ചത്. ഇരുവശത്തും അപ്രോച്ച് റോഡുകളുമുണ്ട്. മരുതോങ്കര പഞ്ചായത്തില്‍ 456 മീറ്ററും, ചങ്ങരോത്ത് പഞ്ചായത്തിലേക്ക് 110 മീറ്റര്‍ നീളത്തിലുമാണ് അപ്രോച്ച് റോഡുകള്‍ നിര്‍മ്മിച്ചത്. ചങ്ങരോത്ത് പഞ്ചായത്തില്‍ ശേഷിക്കുന്ന റോഡ് വീതി കൂട്ടി അര കിലോമീറ്റര്‍ നീളത്തില്‍ ബിഎംആന്‍ഡ്ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മാണച്ചുമതല ഏറ്റെടുത്തത്.

പാലം യാഥാര്‍ത്ഥ്യമാവുന്നതോടെ തൊട്ടില്‍പാലം, മരുതോങ്കര, പശുക്കടവ്, മുള്ളന്‍കുന്ന് പ്രദേശങ്ങളിലുള്ളവര്‍ക്ക് എളുപ്പത്തില്‍ പേരാമ്പ്രയിലേക്കും കോഴിക്കോട് ഭാഗത്തേക്കും യാത്ര ചെയ്യാന്‍ സാധിക്കും.