കോഴിക്കോട് സ്വദേശികളായ നാലംഗ കുടുംബം മലപ്പുറത്ത് വീടിനുള്ളില്‍ മരിച്ച നിലയില്‍; മരിച്ചവരില്‍ രണ്ട് കുട്ടികളും


മലപ്പുറം: മലപ്പുറം മുണ്ടുപറമ്പില്‍ രണ്ട് കുട്ടികള്‍ അടക്കം നാലുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി സബീഷ്, ഭാര്യ ഷീന, മക്കളായ ഹരിഗോവിന്ദ്, ശ്രീവര്‍ധന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോഴിക്കോട് സ്വദേശികളായ ഇവര്‍ മലപ്പുറം മുണ്ടുപറമ്പില്‍ വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു. ഇന്നലെ വൈകുന്നേരം മുതല്‍ ഇവരെ ഫോണില്‍ വിളിച്ചിട്ടും കിട്ടാതിരുന്നതോടെ ബന്ധുക്കള്‍ അന്വേഷിക്കുകയായിരുന്നു. തുടര്‍ന്നാണ് വീടിനുള്ളില്‍ നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

ALSO READ- ഫല വൃക്ഷ തൈകളും അലങ്കാര ചെടികളും, സബ്സിഡിയിൽ കാർഷിക യന്ത്രങ്ങളും; ഞാറ്റുവേല ചന്ത ഇന്ന് മുതൽ ചെറുവണ്ണൂരിൽ

സബീഷിനെയും ഷീനയേയും തൂങ്ങിമരിച്ച നിലയിലും ആറ് വയസുള്ള ഹരിഗോവിന്ദ്, രണ്ടര വയസുള്ള ശ്രീവര്‍ധന്‍ എന്നിവരെ വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്. കുട്ടികള്‍ക്ക് വിഷം നല്‍കിയശേഷം മാതാപിതാക്കള്‍ തൂങ്ങിമരിച്ചതാകാമെന്നാണ് സംശയിക്കുന്നത്.

ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് സതീഷ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.