കടിയങ്ങാട് മാര്‍ക്കറ്റ് റോഡിന് സമീപം കൃഷിയിടത്തിലെ അടിക്കാടിന് തീപ്പിടിച്ചു; ഒന്നര ഏക്കറോളം സ്ഥലത്തെ കൃഷി കത്തിനശിച്ചു


കടിയങ്ങാട്: ചങ്ങരോത്ത് പഞ്ചായത്തിലെ പന്ത്രണ്ടാംവാര്‍ഡായ കടിയങ്ങാട് മാര്‍ക്കറ്റ് റോഡിന് സമീപം കൃഷിയിടത്തിലെ അടിക്കാടിന് തീപ്പിടിച്ചു. മുശാരികണ്ടി സലീമിന്റെ ഉടമസ്ഥതയിലുള്ള (വട്ടപറമ്പില്‍) സ്ഥലത്താണ് തീപ്പിടുത്തമുണ്ടായത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12-ഓടെയാണ് സംഭവം. തെങ്ങ്, കവുങ്ങ്, വാഴ, പ്ലാവ് എന്നിവ കത്തിനശിച്ചു.

പ്രദേശത്തെ നരിക്കലങ്ങാട്ട് പ്രമോദിന്റെ റബ്ബര്‍തോട്ടത്തിലും പുല്ലാകുന്നത്ത് അമ്മദ് ഹാജിയുടെ തെങ്ങിന്‍തോപ്പിലേക്കും തീപ്പടര്‍ന്നത് വലിയ നഷ്ടമുണ്ടാക്കി.

ഒന്നര ഏക്കറോളം സ്ഥലമാണ് തീപ്പിടുത്തത്തില്‍ കത്തിയത്. പേരാമ്പ്രയില്‍നിന്ന് അഗ്‌നിരക്ഷാസേന എത്തിയെങ്കിലും റോഡിന്റെ വീതികുറവ് കാരണം വാഹനം സ്ഥലത്തേക്ക് എത്തിക്കാനായില്ല. നാട്ടുകാരുടെ സഹായത്താല്‍ തീ അടിച്ചുകെടുത്തുകയായിരുന്നു.