‘സ്റ്റാറി സ്‌ട്രോക്ക് – എ ഡെ വിത്ത് വാന്‍ഗോഗ്’; വിന്‍സന്റ് വാന്‍ ഗോഗിന്റെ സ്മരണാര്‍ത്ഥം ചിത്രരചനാ ക്യാമ്പ് ഒരുക്കി പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദി ക്യാമ്പ്


വേളം: വിഖ്യാത ചിത്രകാരന്‍ വിന്‍സന്റ് വാന്‍ ഗോഗിന്റെ സ്മരണാര്‍ത്ഥം വേളത്ത് ചിത്ര രചന ക്യാമ്പ് സംഘടിപ്പിച്ചു. പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദി ക്രിയേറ്റീവ് മെസ്‌ടോസ് ഓഫ് പേരാമ്പ്ര (ദി ക്യാമ്പ് ) യുടെ ആഭിമുഖ്യത്തില്‍ വേളം പെരുവയല്‍ എം.എം അഗ്രി പാര്‍ക്കിലാണ് ക്യാമ്പ് നടത്തിയത്. ‘സ്റ്റാറി സ്‌ട്രോക്ക് – എ ഡെ വിത്ത് വാന്‍ഗോഗ്’ എന്ന പേരിലായിരുന്നു ക്യാമ്പ് ഒരുക്കിയത്. വാന്‍ ഗോഗിന്റെ പ്രശസ്ത ചിത്രങ്ങളുടെ പ്രദര്‍ശനവും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു.

പ്രശസ്ത സാഹിത്യകാരനും ചിത്രകാരനുമായ ഡോ. സോമന്‍ കടലൂര്‍ ഉദ്ഘാടനം ചെയ്തു. ദി ക്യാമ്പ് പ്രസിഡണ്ട് കെ.സി രാജീവന്‍ അധ്യക്ഷത വഹിച്ചു. ചിത്രകാരന്‍ ഡോ. സോമ നാഥന്‍ പുളിയുള്ളതില്‍ വാന്‍ ഗോഗ് അനുസ്മരണ പ്രഭാഷണം നടത്തി.

വേളം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബാലാമണി തായന, പി.എം കുമാരന്‍, സാമൂഹ്യ പ്രവര്‍ത്തകനായ യൂസഫ് പളളിയത്ത്, ദി ക്യാമ്പ് അംഗങ്ങളായ ബഷീര്‍ ചിത്രകൂടം, രമേശ് കോവുമ്മല്‍ എന്നിവര്‍ സംസാരിച്ചു. ക്യാമ്പ് ഡയറക്ടര്‍ ദേവരാജ് കന്നാട്ടി സ്വാഗതവും ദി ക്യാമ്പ് സെക്രട്ടറി രജ്ഞിത്ത് പട്ടാണിപ്പാറ നന്ദിയും പറഞ്ഞു.

കേരളത്തിനകത്തും പുറത്തും പ്രസിദ്ധരായ ദി ക്യാമ്പിലെ 25 ഓളം ചിത്രകാരന്മാര്‍ തങ്ങളുടെ സൃഷ്ടി നടത്തി.