‘നാടകപ്രവര്‍ത്തകരുടെ ആവിഷ്‌കാരസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം’; ‘കക്കുകളി’ നാടകത്തിന് വീണ്ടും മേപ്പയ്യൂരില്‍ അരങ്ങുണരുന്നു


മേപ്പയ്യൂര്‍: ഒരു വിഭാഗത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് വിവാദമായ ‘കക്കുകളി’ നാടകത്തിന് വീണ്ടും മേപ്പയ്യൂരില്‍ അരങ്ങുണരുന്നു. മേപ്പയ്യൂരിലെ സാംസ്‌കരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ റെഡ്സ്റ്റാറാണ് ആഗസ്റ്റ് 13ന് മേപ്പയ്യൂരില്‍ നാടകത്തിന് വേദിയൊരുക്കുന്നത്.

ആലപ്പുഴ പുന്നപ്രയിലെ പറവൂര്‍ പബ്ലിക്ക് ലൈബ്രറിയുടെ കീഴിലുള്ള നെയ്തല്‍ നാടകസംഘമാണ് നേരത്തെ നാടകം അരങ്ങിലെത്തിച്ചിരുന്നത്. എന്നാല്‍ എതിര്‍പ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് നാടകം കളിക്കുന്നതില്‍ നിന്നും പബ്ലിക്ക് ലൈബ്രറി പിന്‍വാങ്ങുകയായിരുന്നു. സംവിധായകനുള്‍പ്പെടെ നാടകത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെല്ലാം നാടകം തുടര്‍ന്നും അവതരിപ്പിക്കാന്‍ താല്‍പര്യമുണ്ടായിരുന്നിട്ടും നാടകം നിര്‍ത്തിവെക്കേണ്ടതായി വരുകയായിരുന്നു.

നാടകപ്രവര്‍ത്തകരുടെ ആവിഷ്‌കാരസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന ആഗ്രഹത്താലാണ് ‘കക്കുകളി’ നാടകത്തിന് മേപ്പയ്യൂരില്‍ വേദിയൊരുക്കാന്‍ തീരുമാനിച്ചതെന്ന് റെഡ്സ്റ്റാര്‍ സംഘാടകര്‍ പറഞ്ഞു. ടി.കെ കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന നാടകം 13ന് രാത്രി 7മണിയോടെയാണ് ആരംഭിക്കുന്നത്. പാസ് മുഖേനയാണ് പ്രവേശനം ഒരുക്കുന്നത്.

ആലപ്പുഴ പുന്നപ്രയിലെ ടീം കക്കുകളിയുടെ നേതൃത്വത്തില്‍ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് വീണ്ടും നാടകം രംഗത്തെത്തിക്കുന്നത്. ഫ്രാന്‍സിസ് നെറോറയുടെ കഥയെ അടിസ്ഥാനമാക്കി കെ.ബി അജയ കുമാറാണ് നാടകത്തിന്റെ രചന നിര്‍വ്വഹിച്ചത്. ജോബ് മഠത്തിലാണ് നാടകം സംവിധാനം ചെയ്തിരിക്കുന്നത്.

summary: a stage is being prepared for ‘kakkukali’ drama in Meppayur