പേരാമ്പ്രക്കായി ചുമടെടുത്തത് 25 വർഷം, ചെമ്പ്ര റോഡിലുള്ള സീപുളിലേക്കിനി അബ്ദുള്ളയില്ല, ചുമടിറക്കുന്നതിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുള്ളയുടെ വിയോ​ഗത്തിൽ വിതുമ്പി നാട്


പേരാമ്പ്ര: എല്ലാവർക്കും സുപരിചിതനായ അബ്ദുള്ള ഇനിയില്ലെന്ന വിവരമറിഞ്ഞതു മുതൽ ദു:ഖത്തിലാണ് പേരാമ്പ്രയിലെ ചുമട്ടുതൊഴിലാളികളും സ്ഥാപനങ്ങളും. വർഷങ്ങളായി ന​​ഗരത്തിൽ ചുമടിറക്കുന്ന ആളാണ് അബ്ദുള്ള. ചുമടിറക്കുന്നതിനിടയിൽ നടന്ന അപകടമാണ് അദ്ദേഹത്തിന്റ മരണത്തിനിടയാക്കിയത്.

കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി പേരാമ്പ്രയിലെ ചുമട്ടുതൊഴിലാളിയാണ് അബ്ദുള്ള. രാവിലെ ആറ് മണിയാകുമ്പോഴേക്കും ചെമ്പ്ര റോഡിലുള്ള സീപുളിൽ അദ്ദേഹം ഹാജരാവും. വരുന്ന ലോറികളിൽ നിന്ന് സാധനങ്ങൾ കടകളിലേക്ക് എത്തിക്കും. എല്ലാവരോടും സൗമ്യമായി പെരുമാറുന്ന വ്യക്തിത്വത്തിനുടമയാണ് അദ്ദേഹം. തൊഴിലാളികൾക്കിടെ വഴക്കുകളുണ്ടാവുന്നത് സാധാരണ സംഭവമാണ്. എന്നാൽ അത്തരത്തിൽ ഒന്നിനും അബ്ദുള്ള ഉണ്ടാവാറില്ലെന്ന് സഹപ്രവർത്തകർ പറയുന്നു. ഷിഫ്റ്റേതാണെങ്കിലും ജോലി സമയത്ത് കൃത്യതയോടെ ജോലി ചെയ്യും. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോ​ഗം ഉൾക്കൊള്ളാനാവാതെ വിതുമ്പലടക്കുകയാണ് എല്ലാവരും.

ഒരാഴ്ച മുമ്പ് ബേക്കറിയിലേക്ക് പഞ്ചസാര ചാക്ക് ഇറക്കുന്നതിനിടെയാണ് അപകടം സംഭവിക്കുന്നത്. അപകടത്തില്‍ നട്ടെല്ലിനും കഴുത്തിനും സാരമായി പരിക്കേറ്റ അദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

സഫിയയാണ് ഭാര്യ. മക്കള്‍: അസീബ്, അന്‍ഷിഫ, മരുമകന്‍ ഷമീര്‍ (ഈസ്റ്റ് പേരാമ്പ്ര). മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം കല്ലൂര്‍ ജുമാ മസ്ജിദില്‍ ഖബറടക്കും.

Summary: Work as porter in Peranbra for 25 years. Porter Abdulla passed away.