ചക്കിട്ടപ്പാറ, കൂരാച്ചുണ്ട് ഉൾപ്പെടെയുള്ള മലയോര മേഖലയ്ക്ക് ആശ്വാസം, ബഫർ സോണിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും; മുന്‍ ഉത്തരവ് തിരുത്തി മന്ത്രിസഭ


തിരുവനന്തപുരം: സംസ്ഥാനത്ത് ബഫർ സോണിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ മന്ത്രിസഭാ തീരുമാനം. 2019 ല്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ വിവാദ ഉത്തരവാണ് തിരുത്തുക. ബഫർസോണിൽ സുപ്രീംകോടതിയിൽ തുടർനടപടി സ്വീകരിക്കാൻ മന്ത്രിസഭ വനം വകുപ്പിനെ ചുമതലപ്പെടുത്തി.

വനങ്ങളോട് ചേർന്നുള്ള ഒരു കിലോമീറ്റർ ചുറ്റളവ് പ്രത്യേക സംരക്ഷിത മേഖലയാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് 2019ലാണ് ഇറക്കിയത്. ഈ ഉത്തരവിൽ ജനവാസ മേഖലയ്ക്ക് ഇളവ് ഇല്ല എന്ന പിശക് കടന്നു കൂടിയിരുന്നു.

ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷം അടക്കമുള്ളവർ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. വനമേഖലയിൽ താമസിക്കുന്ന ജനങ്ങളും ഇത്തരത്തിലുള്ള ആശങ്കകൾ പ്രകടിപ്പിച്ചിരുന്നു. ഈ വിവാദ ഉത്തരവ് തിരുത്താനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.

വന്യജീവി സങ്കേതത്തോട് ചേര്‍ന്ന പ്രദേശങ്ങളാണ് ബഫര്‍ സോണിന് കീഴില്‍ വരിക. വന്യ ജീവി സങ്കേതങ്ങള്‍, നാഷണല്‍ പാര്‍ക്കുകള്‍ എന്നിവയുടെ യഥാര്‍ത്ഥ അതിര്‍ത്ഥിയില്‍ നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം ബഫര്‍ സോണാക്കി മാറ്റണമെന്നും അവിടെ യാതൊരുവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പാടില്ല എന്നുമാണ് സുപ്രീംകോടതിയുടെ ഉത്തരവിന്റെ ചുരുക്കം. ഇതിനെതിരെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധവും ശക്തമായിരുന്നു.

നിലവിലെ രൂപത്തില്‍ നിയമം നടപ്പിലാക്കിയാല്‍ കോഴിക്കോട് ജില്ലയിലെ മലയോര പഞ്ചായത്തുകളായ ചങ്ങരോത്ത്, മരുതോങ്കര, ചക്കിട്ടപ്പാറ, കൂരാച്ചുണ്ട്, പനങ്ങാട്, കട്ടിപ്പാറ, പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി, വാണിമല്‍, നരിപ്പറ്റ, കാവിലുംപാറ, എന്നിവയെ പൂര്‍ണ്ണമായും താമരശ്ശേരി (കെടവൂര്‍ വില്ലേജിന്റെ ചില ഭാഗങ്ങള്‍), കാരശ്ശേരി,കൊടിയത്തൂര്‍ എന്നിവയെ ഭാഗികമായും ബാധിക്കും.

Summary: kerala cabinet withdraw controversial buffer zone order