താമരശ്ശേരി ചുരത്തില്‍ ബൈക്ക് മറിഞ്ഞ് അപകടം; ബൈക്ക് യാത്രികരായ യുവാക്കള്‍ കൊക്കയില്‍ വീണു


താമരശ്ശേരി: ബൈക്ക് യാത്രക്കാരായ യുവാക്കള്‍ താമരശ്ശേരിച്ചുരത്തിലെ കൊക്കയില്‍ വീണു. തൃശ്ശൂര്‍ പെരുമ്പിലാവ് സ്വദേശി അല്‍ത്താഫ് (20), കൊടുവള്ളി സ്വദേശി ഹിജാസ് (19) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ തകരപ്പാടിയിലായിരുന്നു അപകടം.

വയനാട്ടിലേക്ക് പോകാനായി ചുരംകയറുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മറിയുകയും ഇരുവരും കൊക്കയിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ഒരാള്‍ നാല്‍പ്പതടിയോളം താഴേക്ക് തെറിച്ചു വീണു.മറ്റേയാള്‍ മരത്തില്‍ തങ്ങി നില്‍ക്കുന്ന നിലയിലുമായിരുന്നു. തൊട്ടുപിന്നാലെയെത്തിയ യാത്രക്കാരും ടിപ്പര്‍ ഡ്രെെവര്‍മാരും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പിന്നീട് വെെത്തിരിയില്‍നിന്ന് അഗ്‌നിരക്ഷാസേനയും പോലീസും, ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരുമെത്തി രക്ഷപ്പെടുത്തി.

പരിക്കേറ്റ ഇരുവരെയും വൈത്തിരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അല്‍ത്താഫും ഹിജാസും ഉള്‍പ്പെടെ നാലുപേരടങ്ങുന്ന സംഘമാണ് രണ്ടുബൈക്കുകളിലായി വയനാട്ടിലേക്ക് യാത്രതിരിച്ചത്.