‘ഫിറ്റ്സുണ്ടായി അബോധാവസ്ഥയിലായ കുഞ്ഞായിരുന്നു ആംബുലൻസിൽ, ചെങ്ങോട്ടുകാവ് മുതൽ കാർ മുന്നിലുണ്ട്, ഹോണടിച്ചിട്ടും സൈറൺ മുഴുങ്ങിയിട്ടും മാറ്റിയില്ല’; ദൗർഭാഗ്യകരമായ അനുഭവം പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് വിവരിച്ച് ആംബുലൻസ് ഡ്രൈവർ (വീഡിയോ കാണാം)


കൊയിലാണ്ടി: ‘എത്ര ഹോണടിച്ചിട്ടും വഴി മാറുന്നേയില്ല, ജീവന്റെ വിലയില്ലേ ആംബുലൻസിലുമുള്ളത്, വഴി മാറി തരാഞ്ഞതെന്ത് കൊണ്ടാണെന്ന് ഇനിയും മനസ്സിലാകുന്നില്ല.’ കൊയിലാണ്ടിയിലെ ആംബുലൻസ് ഡ്രൈവർ റിയാസ് ചോദിക്കുകയാണ്. ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഏറെ ദൗർഭാഗ്യകരമായ സംഭവം അരങ്ങേറിയത്. ആംബുലൻസിൽ രോഗിയുമായി പോകുമ്പോൾ മുൻപിൽ കയറിയ ആൾട്ടോ കാർ വഴി മാറിക്കൊടുക്കാതെ ഏറെ ദൂരം പോവുകയായിരുന്നു.

ജീവിതത്തിനും മരണത്തിനും ഇടയിലെ നിമിഷങ്ങളാണ് പലപ്പോഴും ആംബുലൻസ് യാത്രകൾ. സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് മറ്റൊരു ജീവൻ രക്ഷിക്കാനായി ആംബുലൻസ് ഡ്രൈവർമാർ വാഹനമോടിക്കുന്നതും. അതറിഞ്ഞിട്ടും നിരത്തുകളിൽ വാഹനമോടിക്കുന്ന പലരും ആംബുലൻസിന് വഴി നൽകാൻ വിമുഖത കാണിക്കാറുള്ളത് ഏറെ സങ്കടകരമായ വിഷയമാണ്.

കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിൽ നിന്ന് എട്ടു വയസ്സുള്ള കുട്ടിയുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ആംബുലൻസിൽ കൊണ്ട് പോവുകയായിരുന്നു. ഫിറ്റ്സ് വന്ന് അബോധാവസ്ഥയിലായ കുഞ്ഞിനെ എത്രയും വേഗം ആശുപതിയിലേക്കെത്തിക്കാനായി പോകുമ്പോഴാണ് വണ്ടി വട്ടം ചാടുന്നത്.

‘ചെങ്ങോട്ടു കാവ് പാലം തൊട്ടാണ് ആ വാഹനം ശ്രദ്ധയിൽ പെട്ടത്. ആംബുലൻസിന്റെ സൈറൺ ശബ്ദം മുഴങ്ങുന്നുണ്ടായിരുന്നു, സൈഡ് തരാതായതോടെ ഞാൻ നിരന്തരം ഹോണടിച്ചു. എന്നാൽ ആ ആൾട്ടോ കാർ ഡ്രൈവർ സൈഡ് തരുന്നില്ലായിരുന്നു. വെങ്ങളം വരെ സ്ഥിതി അങ്ങനെ തന്നെ ആയിരുന്നു. വേങ്ങളത്തെത്തിയതോടെ അൽപ്പം വീതിയുള്ള റോഡിലെത്തുകയായിരുന്നു. പുള്ളി സൈഡ് തന്നില്ലെങ്കിലുംഅവിടെ എനിക്ക് ഓവർ ടേക്ക് ചെയ്യാനുള്ള വഴിയുണ്ടായിരുന്നു.’ സംഭവത്തെ കുറിച്ച് ആംബുലൻസ് ഡ്രൈവർ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

‘ആ വാഹനത്തിൽ ഉള്ള ആർക്കെങ്കിലും എന്തെങ്കിലും അത്യാഹിതം സംഭവിച്ചിട്ടു പോവുകയാണോ എന്നെനിക്കറിയില്ല, വാഹന ഡ്രൈവറിന്റെ സാഹചര്യവും എനിക്കറിയില്ല, എങ്കിലും സൈറൺ അടിച്ചു ആംബുലൻസ് വരുമ്പോൾ വഴി മാറി നൽകേണ്ടേ? ആംബുലൻസിലും ഒരു ജീവന്റെ വിലയാണുള്ളത്’. റിയാസ് പറഞ്ഞു.

‘ഫിറ്റ്സ് വന്നു അബോധാവസ്ഥയിലായ കുട്ടിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത് പ്രകാരം കൊണ്ട് പോവുന്നതിനിടയിലാണ് സംഭവം. ഇന്നലെ ഉച്ചയോടടുത്താണ് ഇത് നടന്നത്. വാഹനം മാറ്റാത്തതിനെ തുടർന്ന് എന്റെ ഒപ്പമുണ്ടായിരുന്ന വോളന്റിയർ ആണ് ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിയത്. ഇത്തരത്തിലുള്ള സംഭവങ്ങൾ അവർത്തിക്കാതിരിക്കാനായി, ആംബുലൻസിൽ ഒരു ജീവനുണ്ടെന്നു മനസ്സിലാക്കി വഴി തരണം എന്ന് വീണ്ടും അഭ്യർത്ഥന കൂടിയാണിത്.

ആംബുലൻസിന് മുന്നിൽ മനപൂർവ്വം വഴിമുടക്കി വാഹനമോടിക്കുന്ന ആളുകൾ ഒരു കാര്യം മനസ്സിലാക്കിയേ മതിയാകു. എമർജൻസി ലൈറ്റിട്ട് സൈറൺ മുഴക്കിവരുന്ന അവശ്യസർവീസ് വാഹനങ്ങളായ ഫയർ എൻജിൻ, ആംബുലൻസ്, പൊലീസ് വാഹനങ്ങൾ എന്നിവ ഏതു ദിശയിൽ നിന്നു വന്നാലും അവയ്ക്കു വഴി മാറിക്കൊടുക്കണം എന്നതാണു നിയമം.

ആംബുലൻസിന് വഴിയൊരുക്കാത്തതു ട്രാഫിക്ക് നിയമലംഘനം തന്നെയാണ്. മോട്ടോർ വാഹന നിയമ ഭേദഗതി പ്രകാരം ആംബുലൻസിന് വഴി മുടക്കുന്നതിനുള്ള പിഴ 5000 രൂപ യാണ്.

ഓർക്കുക! ഇതുപോലൊരു ആംബുലൻസിൽ ജീവനുവേണ്ടി പിടയുന്നത് ചിലപ്പോൾ നിങ്ങളുടെ പ്രിയപ്പെട്ടവരുമാകാം.

വീഡിയോ കാണാം: