പേരാമ്പ്രയില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം: എട്ട് പേര്‍ക്ക് പരിക്ക്


പേരാമ്പ്ര: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 3 മണിയോട് കൂടി പേരാമ്പ്ര പെട്രോള്‍ പമ്പിനടുത്താണ് അപകടം സംഭവിച്ചത്.

പേരാമ്പ്രയില്‍ നിന്ന് ചാലിക്കരയിലേക്ക് പോകുന്ന ഓട്ടോറിക്ഷയും കോഴിക്കോട് ഭാഗത്ത് നിന്ന് പേരാമ്പ്രയിലേക്ക് വരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

ഓട്ടോ ഡ്രൈവര്‍ കല്ലോട് കുളത്തു കുന്നുമ്മല്‍ അനില്‍കുമാര്‍ (50), ചാലിക്കര സ്വദേശികളായ നാജിയ (18) നജീബ (30) ഫാത്തിമ (55) ജംഷീന (35) നിസ്സാന്‍ (1) എന്നിവരെ പേരാമ്പ്ര സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി.

ഫുട്പാത്തിലൂടെ നടന്നു പോകുന്ന സികെജി കോളേജ് വിദ്യാര്‍ത്ഥികളായ സാലിക്ക് (18), വടകര എരവട്ടൂര്‍ പുതിയേടത്ത് ഷാനിഫ് (18) എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

അപകടത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.