പറമ്പത്ത് വിദ്യാര്‍ഥികളെ ബസ്സില്‍ കയറ്റാത്തത് ചോദ്യം ചെയ്തു; എസ്എഫ്‌ഐ നേതാവിനെ ബസ് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതായി പരാതി


അത്തോളി: പറമ്പത്ത് ബസാറില്‍ വിദ്യാര്‍ഥികളെ കയറ്റാതെ പോയ ബസ് തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്ത എസ്എഫ്‌ഐ നേതാവിനെ ബസ് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതായി പരാതി. എസ്എഫ്‌ഐ കോഴിക്കോട് നോര്‍ത്ത് ഏരിയാ ജോയിന്റ് സെക്രട്ടറി എസ്.എം ആദര്‍ശിനെയാണ് ബസ് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയത്. വ്യാഴാഴ്ച്ച രാവിലെയാണ് സംഭവം.

കോഴിക്കോട്- കുറ്റ്യാടി പാതയില്‍ ഓടുന്ന ലയണ്‍ എന്ന ബസിനെതിരെയാണ് ആദര്‍ശ് ആരോപണം ഉന്നയിക്കുന്നത്. വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലേക്ക് പോവുന്ന സമയങ്ങളില്‍ സ്ഥിരമായി ബസ് ഇവിടെ നിര്‍ത്താറില്ലെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ബസ് തടഞ്ഞ് നിര്‍ത്തിയതെന്ന് ആദര്‍ശ് പറയുന്നു.

ഇന്നലെ രാവിലെ സ്റ്റോപ്പിലെത്തിയപ്പോള്‍ വിദ്യാര്‍ഥികളെ കയറ്റാതെ അമിത വേഗത്തില്‍ ബസ് പോവുകയായിരുന്നു. തുടര്‍ന്ന് സ്‌കൂട്ടര്‍ ബസ്സിന് മുന്നില്‍ നിര്‍ത്തി വിദ്യാര്‍ഥികളെ കയറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ സമയത്താണ് ബസ് ജീവനക്കാര്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തിയത്. നാട്ടുകാര്‍ കൂടെ ഇടപെട്ട് പ്രശ്‌നം പറയുന്നതിനിടെ സ്‌കൂട്ടര്‍ എടുത്തുമാറ്റാന്‍ പോയ സമയത്ത് ബസ് മുന്നോട്ടെടുത്ത് സ്‌കൂട്ടറില്‍ ഇടിക്കുകയും ചെയ്തതായും ആദര്‍ശ് പരാതിപ്പെട്ടു. സംഭവത്തില്‍ എലത്തൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.