ആവേശം അലയടിച്ച് ചെറുവണ്ണൂരിലെ നിര്‍ണ്ണായക ഉപതിരഞ്ഞെടുപ്പ്; വോട്ട് ചെയ്തത് 89.81 ശതമാനം പേര്‍, ഇനി ഫലത്തിനായുള്ള കാത്തിരിപ്പ്


ചെറുവണ്ണൂര്‍: ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡായ കക്കറമുക്കിലെ ഉപതിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് അവസാനിച്ചു. പോളിങ് അവസാനിച്ചപ്പോള്‍ വാര്‍ഡിലെ 89.81 ശതമാനം പേരാണ് വോട്ട് ചെയ്തത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിങ് വൈകീട്ട് ആറ് മണിക്കാണ് അവസാനിച്ചത്.

രണ്ട് പോളിങ് സ്‌റ്റേഷനുകളിലായാണ് വോട്ടെടുപ്പ് നടന്നത്. രണ്ട് പോളിങ് സ്‌റ്റേഷനുകളിലും രാവിലെ മുതല്‍ കാണപ്പെട്ട കനത്ത ജനത്തിരക്ക് വോട്ടെടുപ്പിന്റെ ആവേശം വിളിച്ചറിയിക്കുന്നതായിരുന്നു.

ആകെ 1376 വോട്ടുകളാണ് കക്കറമുക്ക് ഉപതിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തത്. ഇതില്‍ 738 വോട്ടുകള്‍ സ്ത്രീകളുടെതും 638 വോട്ടുകള്‍ പുരുഷന്മാരുടെതുമാണ്. ഉച്ചയ്ക്ക് 12 മണിയോടെ തന്നെ പോളിങ് 50 ശതമാനം പിന്നിട്ടിരുന്നു. രണ്ട് മണിയോടെ ആകെ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം ആയിരം കടന്നു.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സി.പി.ഐയിലെ കെ.സി.ആസ്യയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മുസ്ലിം ലീഗിലെ പി.മുംതാസുമാണ് വനിതാ സംവരണ വാര്‍ഡായ കക്കറമുക്കിലെ ഉപതിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നത്. ഇരുവര്‍ക്കും രണ്ട് വീതം അപരന്മാരും ഉണ്ട്.


Related News: ഇരുമുന്നണികളും നേര്‍ക്കുനേര്‍, അംഗം മുറുകി: ഉപതെരഞ്ഞെടുപ്പ് ചൂടില്‍ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത്: കക്കറമുക്കമുക്ക് ആരോടൊപ്പം?


പതിനഞ്ചാം വാര്‍ഡ് അംഗവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഇ.ടി.രാധയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ ഇരുമുന്നണികള്‍ക്കും ഏഴ് വീതം അംഗങ്ങളാണ് ഉള്ളത്. അതിനാല്‍ തന്നെ ഈ വാര്‍ഡ് ജയിക്കുന്ന മുന്നണിക്ക് പഞ്ചായത്ത് ഭരണം കൂടി ലഭിക്കും. ഇതാണ് കക്കറമുക്ക് ഉപതിരഞ്ഞെടുപ്പ് തീ പാറുന്നതാകാന്‍ കാരണം.

ഇരുമുന്നണികളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന വാര്‍ഡ് നിലനിര്‍ത്തുമെന്ന് യു.ഡി.എഫും തിരിച്ചുപിടിക്കുമെന്ന് എല്‍.ഡി.എഫും അവകാശപ്പെട്ടു. മാര്‍ച്ച് ഒന്നിനാണ് ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നത്. വോട്ടിങ് മെഷീനുകള്‍ സൂക്ഷിക്കുന്നതും വോട്ടെണ്ണല്‍ കേന്ദ്രവും ഫിസിയോ തെറാപ്പി സെന്ററാണ്. രാവിലെ പത്ത് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ഫലം 12 മണിയോടെ പുറത്ത് വരും.